വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞെന്ന് ആരോപണത്തിൽ നടപടിയുമായി സർക്കാർ

single-img
6 September 2023

ബെംഗളുരു: വിദ്യാർഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞെന്ന് ആരോപണത്തിൽ നടപടിയുമായി സർക്കാർ. കർണാടകയിലെ ശിവമോഗയിലെ അംബേദ്കർ ന​ഗർ ഉറുദു സ്കൂളിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാർഥികളോടാണ് അധ്യാപിക പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടതെന്നായിരുന്നു ആരോപണം. വകുപ്പുതല അന്വേഷണത്തിന്റെ ഭാ​ഗമായി അധ്യാപികയെ സ്ഥലം മാറ്റി. അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ശിവമോ​ഗ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ നാ​ഗരാജാണ് നടപടിയെടുത്തത്.

കുട്ടികളോട് പാകിസ്ഥാനിൽ പോകാൻ പറഞ്ഞിട്ടില്ലെന്നും ശാസിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക പറഞ്ഞു. ജെഡിഎസ് നേതാവ് നസറുല്ലയാണ് പരാതി നൽകിയത്. വിദ്യാർഥികളുടെ മനസ്സിൽ വർ​ഗീയത വളർത്താൻ അധ്യാപിക ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. മഞ്ജുള ദേവി എന്ന കന്നട അധ്യാപികക്കെതിരെയാണ് പരാതി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ബഹളമുണ്ടാക്കിയതിനെ തുടർന്ന് രോഷാകുലയായ അധ്യാപിക വിദ്യാർഥികളോട് പാകിസ്ഥാനിൽ പോകാൻ ആക്രോശിച്ചെന്നാണ് പരാതി. ‘ഇത് നിങ്ങളുടെ രാജ്യമല്ല, പാകിസ്ഥാനില്‍ പോകൂ’ എന്നാണ് അധ്യാപിക പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ അധ്യാപികക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ അധ്യാപികക്കെതിരെ രംഗത്തെത്തി. കുട്ടികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണുന്നത് അപമാനമാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. 

26 വര്‍ഷമായി ജോലി ചെയ്യുന്ന മഞ്ജുള ദേവി, കഴിഞ്ഞ എട്ട് വര്‍ഷമായി ശിവമോഗയിലെ സ്കൂളിലാണ് പഠിപ്പിക്കുന്നത്. ഒരാഴ്ച മുന്‍പ് ദില്ലിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. വിഭജന കാലത്ത് കുടുംബം എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ലെന്ന് വിദ്യാർത്ഥികളോട് ചോദിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു. ദില്ലിയിലെ ഗാന്ധിനഗറിലെ സർവോദയ ബാല വിദ്യാലയയിലെ അധ്യാപിക ഹേമ ഗുലാത്തിക്ക് എതിരെയാണ് കേസെടുത്തത്. ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികളെക്കൊണ്ട് അടിപ്പിച്ച സംഭവവും രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.