മദ്യവർജനത്തിന് ഇളവ് നൽകിയ തീരുമാനം ദൗർഭാഗ്യകരവും പ്രതിഷേധാർഹവും; ഖാര്‍ഗെയ്ക്ക് വിഎം സുധീരന്റെ കത്ത്

single-img
27 February 2023

കോൺഗ്രസ് പ്രവർത്തകർക്കുള്ള മദ്യപാനവിലക്ക് നീക്കിയതിനെതിരെ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് വിഎം സുധീരൻ. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളിൽ മദ്യവർജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് നൽകിയ തീരുമാനം വളരെ ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് കത്തിൽ അദ്ദേഹം പറയുന്നു.

കോൺഗ്രസ് പാർട്ടി അഭിമാനപൂർവം കാലങ്ങളായി ഉയർത്തിപ്പിടിക്കുകയും പിന്തുടർന്നുവരുകയും ചെയ്യുന്ന പരമ്പരാഗത മൂല്യങ്ങൾക്കും പെരുമാറ്റച്ചട്ടങ്ങൾക്കും വിരുദ്ധമാണ് ഇത്തരമൊരു തീരുമാനം. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നു. വിഷയത്തിൽ ഇടപെട്ട് തീരുമാനം പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പാർട്ടി അധ്യക്ഷനുള്ള കത്തിൽ സുധീരൻ ആവശ്യപ്പെടുന്നു.

മദ്യവർജനവും ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവും പതിറ്റാണ്ടുകളായി കോൺഗ്രസ് പാർട്ടിയുടെ മുദ്രാവാക്യവും അഭിമാനകരമായ സവിശേഷതയുമായിരുന്നെന്ന് സുധീരൻ ചൂണ്ടിക്കാട്ടുന്നു. ഈ വ്യവസ്ഥകൾ ഭേദഗതി ചെയ്യുമ്പോൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഗാന്ധിയൻ മൂല്യങ്ങളെയും തള്ളിപ്പറയുകയാണ്. ഇക്കാലത്ത് ഈ വ്യവസ്ഥകൾ പാലിക്കപ്പെടാത്തതുകൊണ്ടാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നത് എന്ന വാദം ന്യായീകരിക്കാനാവില്ലെന്നും സുധീരൻ പറഞ്ഞു.

മദ്യത്തിന്റെ ഉപയോഗം വലിയൊരു പൊതുജനാരോഗ്യ വിഷയവും സാമൂഹ്യപ്രശ്നവുമായി ഉയർന്നുവരുന്ന കാലത്താണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതെന്നതും ഗൗരവപൂർവം കാണേണ്ടതുണ്ട്. പ്ലീനറി സമ്മേളനത്തിൽ ഉണ്ടായിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ മദ്യവിൽപനയെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.