കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും

single-img
13 May 2023

കര്‍ണാടക ആര്‍ക്കൊപ്പം എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.

സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ആദ്യഫലസൂചനകള്‍ അരമണിക്കൂറില്‍ തന്നെ അറിയാനാകും. ഉച്ചയാകുമ്ബോഴേക്കും ചിത്രം വ്യക്തമാകും.ഭരണം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബിജെപിയും. എക്സിറ്റ് പോളുകളില്‍ നേരിയ മുന്നേറ്റം പ്രവചിച്ചത് കോണ്‍ ഗ്രസിനൊപ്പമായിരുന്നു. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.

വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന ഒന്‍പത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏഴെണ്ണം കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.നാലു ഫലങ്ങള്‍ കോണ്‍ഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നല്‍കി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതില്‍ മൂന്നിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാല്‍, ജെഡിഎസ്സിന്റെ നിലപാട് നിര്‍ണായകമാകും.

122 മുതല്‍ 140 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യാ ടുഡേ- ആക്‌സിസ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ടൈംസ് നൗ- ഇടിജി റിസര്‍ച് കോണ്‍ഗ്രസിന് 106 മുതല്‍ 120 സീറ്റുകള്‍ വരെയാണ് പ്രതീക്ഷിക്കുന്നത്. സുവര്‍ണ ന്യൂസ്- ജന്‍ കീ ബാത്, ന്യൂസ് നേഷന്‍- സിജിഎസ് എന്നിവ മാത്രമാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിച്ചത്. 224 അംഗ നിയമസഭയില്‍ 113 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.