ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥി മനുഷ്യൻ്റേതല്ലെന്ന് കളക്ടർ

single-img
23 September 2024

കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം വന്നു. ഈ അസ്ഥി മനുഷ്യൻ്റേതല്ല, പശുവിൻ്റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.

ഇതോടൊപ്പം, അസ്ഥി മനുഷ്യൻ്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടർ വ്യക്തമാക്കി. അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെയാണ് അസ്ഥി കണ്ടെത്തിയിരുന്നത് .

മനുഷ്യന്‍റെ അസ്ഥിയാണെന്ന് സംശയം ഉയർന്നെങ്കിലും വിശദമായ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയിരുന്നു. ഗം​ഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ ഇന്ന് ലോറിയുടെ ഭാ​ഗം കണ്ടെത്തി. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്.

നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്. അതേസമയം ഇത് അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടേതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആര്‍സി ഓണര്‍ മുബീന്‍ പറഞ്ഞു. വാഹന ഭാഗത്തിൽ ചുവപ്പ് കാണുന്നുണ്ട്. തങ്ങളുടെ ലോറിയില്‍ ചുവപ്പ് നിറം ഇല്ലായെന്നാണ് മുബീന്‍റെ വിശദീകരണം.