അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിച്ച മാത്യു കുഴല്‍ടനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി 

single-img
2 February 2023

തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരി ഇടപാടില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിച്ച മാത്യു കുഴല്‍ടനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സിപിഎമ്മില്‍ ഒരുവിഭാഗം നേതാക്കന്‍മാര്‍ ചവിട്ടുപടി കയറുന്നത് മയക്കുമരുന്ന് മാഫിയ ഉണ്ടാക്കുന്ന പണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ആലപ്പുഴയിലെ മയക്കുമരുന്ന് ഇടപാട് പുറത്തുവന്നത് പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്നാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കുഴല്‍നാടന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ മന്ത്രിയെ സ്പീക്കര്‍ വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.

സിപിഎമ്മിനെ പോല ഒരു പാര്‍ട്ടിയെ കുറിച്ച്‌ എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള ഒരു വേദിയാക്കി ഈ നിയമസഭയെ മാറ്റാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്താണ് അദ്ദേഹം ഇവിടെ അവതരിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍. എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. എന്തുവിളിച്ചുപറയാന്‍ പറ്റുന്ന ഒരാളായതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ?. ഇങ്ങനെയാണോ സഭയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ രീതിയിലാണോ അടിയന്തരപ്രമേയം അവതരിപ്പിക്കേണ്ടത്. സാര്‍ എന്തിനും ഒരു അതിര് വേണം. ആ അതിര് ലംഘിച്ച്‌ പോകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ തന്നെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ അംഗമായ ഡോ. മാത്യ കുഴല്‍നാടനെ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തിയത്. തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടുകൂടിയും കൃത്യമായ തെളിവകളോട് കൂടിയുമാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു

കരുനാഗപ്പള്ളിയിലെ കോടികളുടെ ലഹരിക്കടത്ത് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. മാത്യു കുഴല്‍നാടന്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചത്. ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തിയ ലോറി ഉടമയ്‌ക്കെതിരെ തെളിവ് ഇല്ലെന്നും ലോറി സിപിഎം കൗണ്‍സിലറുടേത് തന്നെയാണെന്നും അടിയന്തരപ്രമേയത്തിന് മറുപടിയായി എംബി രാജേഷ് പറഞ്ഞു.

ലോറിയില്‍ നിന്ന് പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങള്‍ കേരളത്തില്‍ മാത്രമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇപ്പോഴും വില്‍പ്പന അനുമതിയുള്ളതും പ്രചാരത്തിലുള്ളതുമായ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. കേരളത്തില്‍ അത് നിരോധിതമാണ്. പിടികൂടിയത് മറ്റ് ഏജന്‍സികളല്ല, കേരളാ പൊലീസാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും പിടികൂടി. അതിന് ഉപയോഗിച്ച ലോറി ആലപ്പുഴയിലെ നഗരസഭാ കൗണ്‍സിലറുടെതും സിപിഎം പ്രവര്‍ത്തകന്റെതുമായിരുന്നു. ഉടമ ആ ലോറി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയതുമാണ്. വാടകയ്ക്ക് എടുത്തയാളും കൂട്ടുപ്രതികളുമാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവരാന്‍ വാടക ലോറി ഉപയോഗിച്ചത്.

ലോറി ഉടമസ്ഥനും അതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അതില്‍ പ്രതിയാകും. നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഇതുവരെ ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ആരോപിച്ച പോലെ പ്രതികളെ രക്ഷിക്കാന്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. ആരെയെങ്കിലും രക്ഷിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഭരണസ്വാധീനം ഉപയോഗിച്ച്‌ മൂടിവച്ചാല്‍ മതിയായിരുന്നല്ലോ?. പ്രതിപക്ഷം ഇത്തരം ആരോപണം ഉന്നയിച്ചത് നിങ്ങളുടെ മുന്‍കാല പ്രവര്‍ത്തിയുടെ ഓര്‍മയില്‍ നിന്നുകൊണ്ടായിരിക്കും. വാടകയ്ക്ക് കൊടുക്കേണ്ടപ്പോള്‍ കാണിക്കേണ്ട ഉത്തരവാദിത്വം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി മാതൃകാപരമായ നടപടി സ്വീകരിച്ചതെന്ന് എംബി രാജേഷ് പറഞ്ഞു