ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു

single-img
14 January 2023

കൊച്ചി: ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു.

കെറ്ററിംഗില്‍ കൊല്ലപ്പെട്ട വൈക്കം സ്വദേശി അ‍ഞ്ജുവിന്‍റെയും മക്കളായ ജാന്‍വി, ജീവ എന്നിവരുടെയും മൃതദേഹങ്ങളാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. ബ്രിട്ടനില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ എട്ടിന് നെടുമ്ബാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങള്‍ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും.

തന്‍റെ മകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ സഞ്ജുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അ‍ഞ്ജുവിന്‍റെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന്റെ കാരണം ഇതുവരെ അറിയില്ലെന്നും അശോകന്‍ പറഞ്ഞു. കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനില്‍ നഴ്സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാന്‍വിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ അഞ്ജുവിന്‍റെ ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയ സാജുവാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് കണ്ടെത്തി. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മരണം നടന്ന് ഒരുമാസമായി മകളുടെയും കൊച്ചു മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അഞ്ജുവിന്‍റെ മാതാപിതാക്കള്‍ ശ്രമിച്ച്‌ വരികയായിരുന്നു.

പത്തു വര്‍ഷം മുമ്ബാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹിതരാവുന്നത്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് ഇരുവരും ഒന്നായത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്ബ് ബ്രിട്ടനിലേക്ക് പോയത്. നാട്ടിലുണ്ടായിരുന്ന കുട്ടികളെ ഏതാനും മാസങ്ങള്‍ മുമ്ബാണ് ബ്രിട്ടനിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന അഞ്ജു ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച്‌ അകത്തു കയറിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന അഞ്ജുവിനെ കണ്ടത്. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനകളിലാണ് മൂന്നു പേരെയും ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ വരഞ്ഞ് മുറിവുകളുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവായ സഞ്ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച്‌ ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്‍റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ ഇരുവരും ദുഖിതരായിരുന്നുവെന്നും ഫോണില്‍ വിളിച്ച്‌ സംസാരിക്കുമ്ബോഴെല്ലാം മകള്‍ വിഷമിച്ചാണ് സംസാരിച്ചിരുന്നതെന്നും അ‍ഞ്ജുവിന്‍റെ പിതാവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.