പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്ത ബിജെപി സര്‍ക്കാര്‍ ഉള്ള ഒഴിവുകളൊന്നും നികത്തുന്നില്ല: എളമരം കരിം

single-img
14 August 2023

രാജ്യത്തെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും അധ്വാനവും രാജ്യത്തിന്റെ സമ്പത്തും കോര്‍പറേറ്റുകളുടെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിട്ടുകൊടുക്കുന്നതായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഏളമരം കരീം എംപി. അവർ തൊഴില്‍ നിയമങ്ങളെല്ലാം മാറ്റിയിരിക്കുന്നു. 90 കോടി ആളുകളില്‍ 58 കോടി പേര്‍ക്ക് മാത്രമാണ് തൊഴിലുള്ളത്.

ഇതിൽ തന്നെ സ്ഥിരം ജോലിയുള്ളത് 5 ശതമാനം പേര്‍ക്ക് മാത്രം. 25 കോടി കര്‍ഷക തൊഴിലാളികള്‍ക്ക് മിനിമം കൂലിയോ ജോലിയില്‍ സമയ പരിധിയോ ഇല്ല. യാതൊരു ക്ഷേമ പദ്ധതികളും അവര്‍ക്കില്ല. കേരളത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യത്യാസമുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ വര്ഷവും രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്ത ബിജെപി സര്‍ക്കാര്‍ ഉള്ള ഒഴിവുകളൊന്നും നികത്തുന്നില്ല. ചെറുകിട കൃഷിക്കാരുടെ കാര്യം കഷ്ടമാണ്. ഉത്പന്നങ്ങള്‍ക്ക് വിലയില്ല. കൃഷിക്കാരുടെ അധ്വാന ഫലം ചുളു വിലക്ക് കോര്‍പറേറ്റുകള്‍ക്ക് ലഭിക്കാന്‍ അവസരമൊരുക്കുന്നു.

അതേപോലെ തന്നെ ഇപ്പോൾ രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. ക്രൂഡോയില്‍ വില താഴ്ന്നപ്പോഴും റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് എണ്ണ കിട്ടിയപ്പോഴും ഇവിടെ വിലകുറക്കാത്തത് കുത്തകകള്‍ക്ക് വേണ്ടിയാണ്. ഇതുപോലെയുള്ള വിഷയങ്ങള്‍ ജനം തിരിച്ചറിയാതിരിക്കാന്‍ മാധ്യമങ്ങള്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്.

അതേസമയം, പ്രതികരിക്കുന്ന തൊഴിലാളിക്ക് എന്തെങ്കിലും ചെറിയ വീഴ്ച ഉണ്ടായാല്‍ അതിനെ പര്‍വതീകരിച്ച് വികസന വിരുദ്ധരാക്കും. മറ്റു ജനവിഭാഗങ്ങളെ വര്‍ഗീയത പടര്‍ത്തി വിഭജിക്കും. ഈ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകണമെങ്കില്‍ ബദല്‍ നയമുള്ള സര്‍ക്കാരുണ്ടാവണമെന്നും അദേഹം കൂട്ടിച്ചേർത്തു..