രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി; ഡീപ് ഫേക്കുകൾ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കും: പ്രധാനമന്ത്രി
ഡീപ് ഫേക്കുകള്‍ ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും മാധ്യമങ്ങള്‍ ഡീപ് ഫേക്കുകള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് പാര്‍ട്ടിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഡീപ് ഫേക്കുകള്‍ ഉണ്ടാക്കുന്നതിനായി നിര്‍മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.സമീപ ദിവസങ്ങളിൽ പ്രധാനമന്ത്രി ഗര്‍ബ നൃത്തം ചെയ്യുന്നതായുള്ള ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ഇത് താന്‍ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചെറുപ്പകാലത്തുപോലും താന്‍ ഗര്‍ബ നൃത്തം കളിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിക്കുന്ന, യഥാര്‍ഥമെന്ന് തോന്നുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദം ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ തുടങ്ങിയവയാണ് ഡീപ്പ് ഫേക്കുകള്‍. സോഷ്യൽ മീഡിയയിൽ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ചര്‍ച്ചയായിരുന്നു. പിന്നാലെ കത്രീന കൈഫ്, കജോള്‍ എന്നിവരുടേയും ഡീപ് ഫേക്ക് വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.