ആരോഗ്യനില തൃപ്തികരമായി; തന്ത്രി കണ്ഠരര് രാജീവരെ ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ള കേസിൽ 13ാം പ്രതിയായ തന്ത്രി കണ്ഠരർ രാജീവറെ വീണ്ടും ജയിലിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ശനിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംഐസിയുവിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ജയിൽ അധികൃതർ വീണ്ടും ജയിലിലേക്ക് മാറ്റിയത്.
ശനിയാഴ്ച രാവിലെയാണ് ജയിലിൽ കഴിയുന്നതിനിടെ തന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തലകറക്കമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പ്രാഥമിക പരിശോധനകളിൽ ഇസിജി ഉൾപ്പെടെയുള്ള പരിശോധനകളും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനുള്ള ഡ്രോപ്പ് ടെസ്റ്റും നടത്തി.
ഡ്രോപ്പ് ടെസ്റ്റിന്റെ ഫലത്തിൽ ചില അസാധാരണതകൾ കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാർ പരിശോധനകൾ നടത്തി, തുടർ നിരീക്ഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
തുടർന്ന് നടത്തിയ ചികിത്സയും നിരീക്ഷണവും ഫലപ്രദമായതോടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കണ്ഠരർ രാജീവറെ വീണ്ടും ജയിലിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.


