മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും 100 മീറ്റർ അകലെ റാലികൾ നടത്തിയതിന് പിന്നാലെ സംഘർഷ സാഹചര്യം

single-img
26 April 2026

പശ്ചിമ ബംഗാളിലെ ഭവാനിപ്പുരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറ്റുമുട്ടാനൊരുങ്ങി തണമൂൽ കോൺഗ്രസിന്റേയും ബിജെപിയുടെയും പ്രവർത്തകർ.തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും വെറും 100 മീറ്റർ അകലെ റാലികൾ നടത്തിയതിന് പിന്നാലെയാണ് സംഘർഷസാഹചര്യം രൂപപ്പെട്ടത്.

ബിജെപി തന്റെ പ്രസംഗം തടസ്സപ്പെടുത്തിയതായി ആരോപിച്ച മമത, പെട്ടെന്ന് തന്നെ പ്രസംഗം നിർത്തി.ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. ഭവാനിപ്പുരിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പാർട്ടികൾ റാലി സംഘടിപ്പിച്ചിരുന്നു. എന്നാൽ മമതയുടെയും സുവേന്ദു അധികാരിയുടെയും റാലികൾ അടുത്തടുത്തായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.

വെറും 100 മീറ്ററിന്റെ ദൂരം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ മമത കടുത്ത അതൃപ്തിയിലായിരുന്നു. സ്പീക്കറുകൾ ഉപയോഗിച്ച് തന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതായി മമത ആരോപിക്കുകയും ചെയ്തു. പിന്നാലെ കൂടുതൽ നേരം സംസാരിക്കാൻ മമത തയ്യാറായില്ല.

പ്രസംഗം പെട്ടെന്ന് നിർത്തുകയും ജനങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തു. അവർ പോയതിനുശേഷം, ദേഷ്യപ്പെട്ട തൃണമൂൽ പ്രവർത്തകർ സുവേന്ദു അധികാരിയുടെ റാലിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ഇരുപക്ഷത്തുമുള്ളവർ മുദ്രാവാക്യങ്ങൾ ഉയർത്തി. സാഹചര്യം വഷളായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.