പാക് അധീന കശ്മീരിൽ സംഘർഷം രൂക്ഷം; സുരക്ഷാ സേനയുടെ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

single-img
28 July 2026

പാക് അധീന കശ്മീരിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. സംഭവത്തിൽ 50ഓളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

പാക് അധീന കശ്മീരിലെ റാവൽകോട്ട് ഡ്രെയ്ക് എയ്റ്റ് മേഖലയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി കോർ കമ്മിറ്റി അംഗവും വക്താവുമായ ഉമർ നാസിർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നാസിറും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഘർഷത്തിനിടെ റോഡുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജൂൺ 5 മുതൽ ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ പാക് സുരക്ഷാ സേനയുടെ നടപടിയിൽ 80ഓളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

“റാവൽകോട്ട് മൃതദേഹങ്ങളും പരിക്കേറ്റവരുമായാണ് നിറഞ്ഞിരിക്കുന്നത്. ഞാൻ പോലും ബുദ്ധിമുട്ടിയാണ് രക്ഷപ്പെട്ടത്. നിരവധി സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഞങ്ങളുടെ ശബ്ദം ലോകത്തെ അറിയിക്കണം” എന്ന് പാക് അധീന കശ്മീരിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഖീൽ ഭായ് വീഡിയോ സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനായി 14,000ത്തിലധികം സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിച്ചതായാണ് വിവരം. പ്രതിഷേധക്കാർക്കെതിരെ സ്നൈപ്പർമാരെ ഉപയോഗിച്ച് വെടിവെച്ചതായും, ദീർഘദൂര കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതായും ആരോപണമുണ്ട്.

പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സുരക്ഷാ സേനയ്ക്ക് ശക്തമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി മേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിയന്ത്രിക്കുകയും ചില പ്രദേശങ്ങളിൽ വൈദ്യുതി, ജല വിതരണം തടസ്സപ്പെടുത്തുകയും ചെയ്തതായി വിവരമുണ്ട്.

53 സീറ്റുകളുള്ള പാക് അധീന കശ്മീർ നിയമസഭയിൽ 45 സീറ്റുകളിലേക്കാണ് നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ജൂലൈ 27ന് പൂർത്തിയായപ്പോൾ അടുത്ത ഘട്ടങ്ങൾ ഓഗസ്റ്റ് 2നും ഓഗസ്റ്റ് 10നും നടക്കാനിരിക്കുകയാണ്.