ഉപതെരഞ്ഞെടുപ്പിൽ തോറ്റ ബിജെപി സ്ഥാനാർത്ഥിയുടെ സ്ഥാപനങ്ങളിൽ തെലങ്കാന നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്

single-img
15 November 2022

അടുത്തിടെ നടന്ന മുനുഗോഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപി നേതാവ് കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ സുഷീ ഇൻഫ്രാ ആൻഡ് മൈനിംഗ് ലിമിറ്റഡിൽ തെലങ്കാന സംസ്ഥാന ജിഎസ്ടി (ചരക്ക് സേവന നികുതി) ഉദ്യോഗസ്ഥർ പരിശോധന നടത്തി. എല്ലാ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകളും ക്രമത്തിലാണോ എന്നറിയാനാണ് പരിശോധന നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നാല് പ്രധാന വിഭാഗങ്ങളിലായി പ്രത്യേക വൈദഗ്ധ്യം വാഗ്ദാനം ചെയ്യുന്ന സിവിൽ എഞ്ചിനീയറിംഗ്, ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷൻ, മൈനിംഗ് സർവീസസ് എന്നിവയുടെ മുൻനിര സേവന ദാതാവാണ് സുഷീ ഇൻഫ്ര. കമ്പനിയുടെ വെബ്സൈറ്റ് പ്രകാരം റോഡുകൾ, ഹൈവേകൾ & ടണലുകൾ, ജലസേചനം, ഖനനം എന്നീ മേഖലയിൽ ആണ് കമ്പനിയുടെ പ്രവർത്തനം.

നവംബർ 3 ന് നടന്ന മുനുഗോട് ഉപതെരഞ്ഞെടുപ്പിൽ ടിആർഎസ് സ്ഥാനാർത്ഥി കുസുകുന്ത്ല പ്രഭാകർ റെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയെ പതിനായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മൈനിംഗ് കമ്പനിയായ സുഷി ഇൻഫ്രാ ആൻഡ് മൈനിംഗ് ലിമിറ്റഡിന് നൽകിയ 18,000 കോടി രൂപയുടെ കരാറിന് വേണ്ടിയാണെന്ന് മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന് മുമ്പ് ടിആർഎസും കോൺഗ്രസും ആരോപിച്ചിരുന്നു. എന്നാൾ ആരോപണങ്ങൾ നിഷേധിച്ച രാജ് ഗോപാൽ റെഡ്ഡി, ടിആർഎസ് സർക്കാർ അവഗണിച്ചതിനാൽ മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടിയാണ് രാജിവച്ചതെന്ന് അവകാശപ്പെട്ടു.