തെലങ്കാന സര്‍ക്കാരിന് തിരിച്ചടി; പൂര്‍ണതോതില്‍ത്തന്നെ റിപ്പബ്ലിക് ദിനപരേഡ് സംഘടിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി തെലങ്കാന ഹൈക്കോടതി

single-img
26 January 2023

ഹൈദരാബാദ്: റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച തെലങ്കാന സര്‍ക്കാരിന് തിരിച്ചടി.

കേന്ദ്രമാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പൂര്‍ണതോതില്‍ത്തന്നെ റിപ്പബ്ലിക് ദിനപരേഡ് സംഘടിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി തെലങ്കാന ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പരേഡും ഗാര്‍ഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. നേരത്തേ രാജ്ഭവനില്‍ പതാകയുയര്‍ത്തല്‍ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടില്‍ ചെറുപരിപാടികള്‍ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നത്.

പരിപാടി നടത്തുന്നുണ്ടോ ഇല്ലയോ എന്നതില്‍ അറിയിപ്പെങ്കിലും തരണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ നേരത്തേ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗികമായി സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ അവസാനനിമിഷം പരേഡ് നടത്തണമെന്ന കോടതി ഉത്തരവില്‍ സര്‍വത്ര ആശയക്കുഴപ്പം പ്രകടമാണ്. പരേഡിന് തയ്യാറാവുകയോ ഗവര്‍ണറുടെ സന്ദേശം തയ്യാറാക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ അവസാനനിമിഷം കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നതില്‍ അവ്യക്തതയുണ്ട്. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്‍സിലാണ് സാധാരണ തെലങ്കാനയില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കാറ്. എന്നാല്‍ കഴിഞ്ഞ തവണയും കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റിപ്പബ്ലിക് ദിനപരിപാടികള്‍ വെട്ടിച്ചുരുക്കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും അവരവരുടെ ഔദ്യോഗിക വസതികളില്‍ വെവ്വേറെയായാണ് പതാക ഉയര്‍ത്തിയത്.