മതപരമായ കാരണങ്ങളില്ല; സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയെ തല്ലിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് അധ്യാപിക

single-img
28 August 2023

യുപിയിൽ സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയെ തല്ലിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് അധ്യാപിക. തനിക്ക് തെറ്റ് പറ്റിയെന്ന് അധ്യാപിക തൃപ്തി ത്യാഗി പറഞ്ഞു. മതപരമായ കാരണങ്ങൾ കൊണ്ടല്ല ഈ രീതിയിൽ ഒരു നിർദ്ദേശം നൽകിയത് എന്നും അധ്യാപിക പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വിഡിയോ സന്ദേശത്തിലൂടെയാണ് മുസഫർനഗർ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗി മാപ്പപേക്ഷിച്ചത്. അതേസമയം, സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ സ്കൂൾ അടച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്.

എന്നാൽ, വിഷയത്തിൽ അധ്യാപികക്കെതിരെ പൊലീസ് എടുത്ത കേസ് നിസ്സാര വകുപ്പുകൾ ചേർത്താണ്. ഐപിസി 323, 504 എന്നീ വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം.