ചായ ലഭിച്ചില്ല; ശസ്ത്രക്രിയ പാതിവഴിയിൽ ഉപേക്ഷിച്ച് ഡോക്ടർ

single-img
7 November 2023

ചായ ലഭിച്ചില്ല എന്ന കാരണത്താൽ വന്ധ്യംകരണ (വാസക്‌ടോമി) ശസ്ത്രക്രിയ പാതിവഴിയിൽ ഉപേക്ഷിച്ച് ഡോക്ടർ കടന്നുകളഞ്ഞതായി പരാതി. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് സംഭവം നടന്നത്. നിലവിൽ ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

നാ​ഗ്പൂരിലുള്ള മൗദ ഏരിയയിലെ സർക്കാർ ആശുപത്രിയിലാണ് ഡോക്ടർ ശസ്ത്രക്രിയ ഉപേക്ഷിച്ച് കടന്നത്. ഇവിടെ എട്ട് സ്ത്രീകളാണ് വാസക്‌ടോമിക്ക് വിധേയരായത്. അതിൽ നാല് സ്ത്രീകളുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ ഭലവി ആശുപത്രി ജീവനക്കാരോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടു. എന്നാൽ അത് ലഭിക്കാത്തതിനെ തുടർന്ന് ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു.

സംഭവം നടക്കുമ്പോൾ, ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്‌തേഷ്യ നൽകിയതിനാൽ മറ്റ് നാല് സ്ത്രീകൾ നിദ്രയിലായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. വിവരമറിഞ്ഞ ഉടൻതന്നെ , സ്ത്രീകളുടെ കുടുംബാംഗങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടുകയും അശ്രദ്ധയെക്കുറിച്ച് അറിയിക്കുകയും ചെയ്തു.

പിന്നാലെ ആശുപത്രി അധികൃതർ മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി ശസ്ത്രക്രിയ പുനഃരാരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിച്ചതായി നാഗ്പൂർ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശർമ്മ പറഞ്ഞു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്നും സൗമ്യ ശർമ്മ അറിയിച്ചു.