മതം മാറിയവർക്ക് സംവരണം നിഷേധിക്കരുത്; മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ

ഇസ്ലാം മതം സ്വീകരിക്കുന്ന വ്യക്തിക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി ഫയൽ ചെയ്തു. നിലവിൽ സംവരണാനുകൂല്യം ലഭിക്കുന്ന ഒരാൾക്ക് മതപരിവർത്തനം നടത്തി എന്നതിന്റെ പേരിൽ മാത്രം അത് നിഷേധിക്കാൻ പാടില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ ശക്തമായ നിലപാട്.
ഹിന്ദുമതത്തിൽ ജനിച്ച് പിന്നീട് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിക്ക് താൻ മുസ്ലിമാണെന്ന് മാത്രമേ അവകാശപ്പെടാനാകൂ എന്നും, അല്ലാതെ പിന്നാക്ക സംവരണത്തിന് അർഹതയുണ്ടാവില്ലെന്നുമാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് പി.ബി. ബാലാജി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ബെഞ്ച് കഴിഞ്ഞമാസം വിധിച്ചത്. പിന്നാക്ക, അതിപിന്നാക്ക, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവർക്ക് പിന്നാക്ക മുസ്ലിം വിഭാഗത്തിൽപ്പെടുത്തി 3.5 ശതമാനം സംവരണം നൽകിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ മുൻ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി വിധി.
ഹിന്ദുവായി ജനിച്ച പരമശിവം എന്നയാൾ പിന്നീട് സമീർ അഹമ്മദ് എന്ന പേരിൽ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. തുടർന്ന് മുസ്ലിംങ്ങളിലെ പിന്നാക്ക വിഭാഗമായ ലെബ്ബായി കമ്മ്യൂണിറ്റിയിൽപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ അപേക്ഷ നൽകി. എന്നാൽ അധികൃതർ ഇത് നിഷേധിച്ചതോടെയാണ് സമീർ അഹമ്മദ് കോടതിയെ സമീപിച്ചത്.
മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിൽ ഹിന്ദുമതത്തിലേതുപോലെ ജാതി ശ്രേണി നിലവിലില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നതെന്നും, അതുകൊണ്ടുതന്നെ മതം മാറുന്ന ഒരാൾക്ക് താൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്ന് അവകാശപ്പെടാനാകില്ലെന്നും കേസ് പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


