സ്വിഗി, സൊമാറ്റോ ഡെലിവറിക്കാര്‍ ലഹരി വില്പന നടത്തുന്നു ; ഈ പരിപാടി അവസാനിപ്പിക്കണം; ഇത് അവസാനമുന്നറിയിപ്പാണ്: മന്ത്രി രമേശ് ചെന്നിത്തല

single-img
21 June 2026

ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സൊമാറ്റോ ഡെലിവറിക്കാര്‍ ലഹരി വില്പന നടത്തുന്നു എന്ന് വ്യാപകമായി പരാതിയുണ്ട്. ഈ പരിപാടി അവസാനിപ്പിക്കണം. ഇത് അവസാനമുന്നറിയിപ്പാണ്. തുടര്‍ന്നാല്‍ പിടികൂടുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷന്‍ തൂഫാന്‍ കേസുകളില്‍ ഒരു ശുപാര്‍ശയും കേള്‍ക്കരുതെന്ന് പൊലീസുകാര്‍ക്ക് ചെന്നിത്തല കര്‍ശന നിര്‍ദേശം നല്‍കി. ആംബുലന്‍സുകള്‍ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്. ആംബുലന്‍സുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നത് നല്ല കാര്യമാണ്. ജനങ്ങള്‍ ഒന്നടങ്കം തൂഫാന്‍ വാരിയേഴ്‌സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബജറ്റില്‍ ആലപ്പുഴയ്ക്ക് ശ്രദ്ധേയസ്ഥാനമുണ്ടായി. ജില്ലയുടെ വളര്‍ച്ചക്കുള്ള പ്രഖ്യാപനങ്ങളുണ്ടായി. കയര്‍ മേഖലക്ക് 157 കോടി രൂപ വകയിരുത്തി. കൂടുതല്‍ വേണമെന്നുണ്ടായിരുന്നു. കയര്‍ മേഖലയില്‍ വളരെയേറെ പരിഷ്‌കരണം വേണം. പ്രതിസന്ധി പരിഹരിക്കാന്‍ പ്രായോഗിക സമീപനമുണ്ടാകും. കയര്‍ മേഖലയില്‍ പുതിയ നിയമനങ്ങള്‍ ഇനിയില്ല. പരസ്യം നല്‍കുന്നതും വേണ്ടെന്ന് നിര്‍ദേശം നല്‍കി.

ദിവസവേതനക്കാരെയും തത്കാലം നിയമിക്കില്ല. കടത്തില്‍ മുങ്ങി കിടക്കുമ്പോള്‍ ഇതൊക്കെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു. കെ കെ മഹേശന്റെ ആത്മഹത്യയില്‍ പരാതികള്‍ ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. അതിന്റെ പകര്‍പ്പ് ലഭിച്ചതായും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.