പെരുമ്പാവൂര്‍ സ്റ്റേഷനില്‍ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാര്‍ക്ക് പ്രതികളുടെ മർദ്ദനം

single-img
12 May 2023

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ക്ക് പ്രതികളുടെ മര്‍ദനം. എസ്ഐ ഉൾപ്പെടെയുള്ള മൂന്നുപേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റു. കുറുപ്പംപടി സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് പോലീസുകാരെ മര്‍ദിച്ചത്.

ഇവരെ വിരലടയാള പരിശോധയ്ക്ക് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവമുണ്ടായത്. പരിശോധയ്ക്ക് എത്തിച്ച നാലു പ്രതികളില്‍ രണ്ടുപേരാണ് പൊലീസുകാരെ മര്‍ദിച്ചത്. പെരുമ്പാവൂര്‍ എസ്ഐ റിന്‍സിനും കുറുപ്പംപടി സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

ഇതിൽ റിന്‍സിന്റെ കൈ അക്രമികളില്‍ ഒരാള്‍പിടിച്ച് തിരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുരണ്ടു പോലീസുകാരെ മര്‍ദിക്കുകയും ചെയ്തു. മാത്രമല്ല, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയോട് പ്രതികള്‍ മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തെ തുടർന്ന് ആക്രമിച്ച പ്രതികളെ കുറുപ്പംപടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.