എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു; പരിഹാസവുമായി ജോൺ ബ്രിട്ടാസ്

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് ശക്തമായ പ്രതികരണം നടത്തി. കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കരുതെന്നും പരിഗണിക്കേണ്ട സമയത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.
ആരോഗ്യ രംഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തോട് കേന്ദ്രം മര്യാദ കാണിക്കണമെന്നും, മറ്റു സംസ്ഥാനങ്ങൾക്ക് ലഭിച്ച ശേഷം മാത്രമേ കേരളത്തിന് എയിംസ് ലഭിക്കൂ എന്ന നിലപാടാണോ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. “എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നുവല്ലോ” എന്ന് പരിഹസിച്ച ബ്രിട്ടാസ്, തൃശൂരിന്റെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഓർത്ത് അനുതാപമുണ്ടെന്നും പറഞ്ഞു.
ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് ഇത്തവണ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്നും അത് ആലപ്പുഴയിലോ തൃശൂരിലോ ആയിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ ബജറ്റിൽ പ്രഖ്യാപനം ഉണ്ടായില്ലെന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ വ്യാപക വിമർശനവും ട്രോളുകളും ഉയർന്നു.
തുടർന്ന് നടത്തിയ പ്രതികരണത്തിൽ, 2016-ൽ എയിംസ് പ്രഖ്യാപിച്ചതാണെന്നും അതിനായി കേരളം എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. വികസന സാധ്യതയുള്ള സ്ഥലമാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഈ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു.
പാർലമെന്റിലെ കേന്ദ്ര സർക്കാരിന്റെ സമീപനത്തെയും ബ്രിട്ടാസ് വിമർശിച്ചു. സഭ കാര്യക്ഷമമായി നടത്താൻ സർക്കാർ താൽപര്യമില്ലെന്നും, ചില വിഷയങ്ങൾ — പ്രത്യേകിച്ച് അന്തർദേശീയ കരാറുകളും വിവാദ വിഷയങ്ങളും — പാർലമെന്റിൽ ചർച്ച ചെയ്യുന്നത് തടയുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വാണിജ്യം, വിദേശകാര്യം, ഗ്രാമീണ വികസനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷവുമായി യാതൊരു ധാരണയ്ക്കും സർക്കാർ തയ്യാറല്ലെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.


