സുരേഷ് ഗോപി പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു


ബിജെപിയും നിന്നുള്ള തൃശൂർ എംപിയും നിയുക്ത കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരിയും വകുപ്പ് സെക്രട്ടറിമാരും ഈ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, തനിക്ക് യുകെജിയിൽ കയറിയ അനുഭവമെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത സുരേഷ് ഗോപി പ്രതികരിച്ചു . ശരിക്കും ഞാൻ ഇപ്പോൾ ഒരു യുകെജി വിദ്യാർഥിയാണ്. വളരെ പുതിയ സംരംഭമാണ് താൻ ഏറ്റെടുത്തത്. സീറോയിൽ നിന്നാണ് സ്റ്റാർട്ട് ചെയ്യുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെ. കേരളത്തിന്റെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും. ജനങ്ങളാണ് തനിക്ക് ഈ അവസരം നൽകിയത്. തൃശൂരിലൂടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇനി കേന്ദ്ര ട്രാൻസ്പോർട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്ക് സുരേഷ് ഗോപി വൈകാതെ യാത്ര തിരിക്കും. അവിടെയെത്തിയാകും ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുക്കുക. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യൻ 11.30ന് ചുമതലയേൽക്കുമെന്നാണ് വിവരം. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളാണ് ജോർജ് കുര്യനു ലഭിച്ചത്.