സവർക്കർ പരാമർശക്കേസ്: രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ അപകീർത്തി കേസ് സുപ്രീം കോടതി റദ്ദാക്കി

വിഡി സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ അപകീർത്തി കേസും അതുമായി ബന്ധപ്പെട്ട സമൻസും സുപ്രീം കോടതി റദ്ദാക്കി. കേസ് ഫയൽ ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ നടപടി.
ജസ്റ്റിസ് ദിപാങ്കർ ദത്തയും ജസ്റ്റിസ് ഷീൽ നാഗുവും അടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ നടപടികൾക്കാവശ്യമായ സർക്കാർ അനുമതി ലഭിച്ചതായി യു.പി. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലോ പരാതിക്കാരന്റെ രേഖകളിലോ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതിയിൽ അറിയിക്കപ്പെട്ടു. ഇതിനെ തുടർന്നാണ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളും പരാതിയും റദ്ദാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
2022 നവംബർ 17ന് ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ അകോലയിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ സവർക്കർ പരാമർശങ്ങളാണ് കേസിന് ആധാരമായത്. സവർക്കറെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ഉദ്ദേശ്യത്തോടെയാണ് പ്രസ്താവന നടത്തിയതെന്ന് ആരോപിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ പരാതി നൽകിയിരുന്നു.
കേസിൽ ഹാജരാകാൻ നിർദേശിച്ച കീഴ്ക്കോടതി സമൻസും തുടർനടപടികളും ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ റിവിഷൻ ഹർജിയുമായി സെഷൻസ് കോടതിയെ സമീപിക്കണമെന്ന് നിർദേശിച്ച് ലഖ്‌നൗ ഹൈക്കോടതി ഹർജി തീർപ്പാക്കിയിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച രാഹുൽ ഗാന്ധിക്ക് അനുകൂലമായാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.


