ആര്‍ എസ് എസുമായി സുധാകരനുളള ജൈവബന്ധം ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുന്നു: പി ജയരാജൻ

single-img
1 July 2023

കോൺ​ഗ്രസ് നേതാവായ ബിആർഎം ഷെഫീറിന്റെ വെളിപ്പെടുത്തലിലൂടെ ആര്‍ എസ് എസുമായി സുധാകരനുളള ജൈവബന്ധം ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണെന്ന് സിപി എം നേതാവ് പി ജയരാജൻ. അതിനുള്ള തെളിവാണ് അരിയില്‍ ഷുക്കൂർ കൊലക്കേസില്‍ താനടക്കമുളളവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയെന്ന വെളിപ്പെടുത്തൽ.

ഈ കേസിൽ തനിക്കെതിരെ നടന്നത് രാഷ്ട്രീയ വേട്ടയാണ്. അന്വേഷണം നടത്തണമെന്നും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും പി ജയരാജൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അരിയില്‍ ഷുക്കൂർ കേസിൽ സിപിഐഎമ്മിന്റെ നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് കോണ്‍ഗ്രസ് സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ.

രാഷ്ട്രീയമായി നേരിടാനുളള ഹീനമായ പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് കണ്ണൂര്‍ പ്രസംഗത്തില്‍ നിന്ന് മനസിലാകും. ഗുരുതരമായ വെളിപ്പെടുത്തലാണ് ബിആര്‍എം ഷെഫീര്‍ നടത്തിയത്. ഇവിടെ കോണ്‍ഗ്രസിന്റെ വൃത്തിക്കെട്ട മുഖമാണ് കണ്ടതെന്നും പി ജയരാജൻ പറഞ്ഞു. കേരളാ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് അരിയിൽ ഷുക്കൂർ കൊലക്കേസ് സിബിഐ ഏറ്റെടുത്തത്.

തലസ്ഥാനമായ ഡല്‍ഹിയില്‍ പോയി സുധാകരന്‍ സ്വാധീനിച്ചതിന്റെ ഭാഗമായാണ് സിബിഐ 2018 ല്‍ കുറ്റപ്പത്രം സമര്‍പ്പിച്ചപ്പോള്‍ തന്റെ പേരില്‍ ഗൂഢാലോചനക്കുറ്റം ചാര്‍ത്തിയത്. അന്ന് രാജ്യം ഭരിക്കുന്നത് ബിജെപിയാണ്. കേരള പൊലീസിന്റെ അന്വേഷണത്തിലും കെപിസിസി പ്രസിഡന്റ് സ്വാധീനം ചെലുത്തി. കേന്ദ്രത്തിലും കേരളത്തിലും സ്വാധീനം ചെലുത്തിയ ആളാണ് സുധാകരനെന്ന് കോണ്‍ഗ്രസിന്റെ നേതാവ് തന്നെയാണ് പറഞ്ഞത്. കേന്ദ്രം ബിജെപി ഭരിക്കുന്ന കാലത്ത് സുധാകരന്‍ സിബിഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും ജയരാജൻ ചോദിച്ചു.

ആര്‍എസ്എസ്സിന്റെ ശാഖകള്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്റെ കുട്ടികളെ ഞാന്‍ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ നേതാവാണ് കെ സുധാകരന്‍. ആരാണ് ആര്‍എസ്എസ് എന്ന് ഈ രാജ്യത്തെ ഏത് കുഞ്ഞ് കുട്ടിക്കും അറിയാം. രാജ്യത്തെ മുസ്ലിംങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകാരേയും വേട്ടായാടാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തിയാണ് ആര്‍ എസ് എസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയാണ് കെ സുധാകരന്‍.

ആ പ്രതിയെ സംരക്ഷിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നടത്തുന്ന നാടകങ്ങളില്‍ സുധാകരന്റെ അനുയായികളാണ് പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഇതില്‍ ലീഗ് നേതാക്കളില്ല. അവരെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ അരിയില്‍ കേസുമായി വീണ്ടും വന്നിട്ടുളളതെന്നും ജയരാജൻ ആരോപിച്ചു.