വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയി; ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി

single-img
1 November 2023

തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പിലാവിൽ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി. സ്റ്റോപ്പിൽ ബസിന്റെ പുറകെ ഓടിയിട്ടും വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടുപോവുകയായിരുന്നു. ബസ് നിര്‍ത്താതെ പോയത് കണ്ട് ഔദ്യോഗിക വാഹനത്തില്‍ നിന്നുമിറങ്ങി വിദ്യാര്‍ത്ഥികളോട് കാര്യം തിരക്കുകയായിരുന്നു എംപി.

എംപിയെ കണ്ടതോടെ, കോളജുകള്‍ വിട്ടാല്‍ ഇതുവഴി പോകുന്ന ഒറ്റ സ്വകാര്യ ബസുകളും സ്റ്റോപ്പില്‍ നിര്‍ത്തി ഞങ്ങളെ കറ്റുന്നില്ലെന്ന വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞു. ഇതിനെ തുടർന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന രമ്യാ ഹരിദാസ് ബസ് തടഞ്ഞ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റുകയും ചെയ്തു.

പക്ഷെ ഇതു വഴിവന്ന ഒരു ബസിലെ ജീവനക്കാരന്‍ ഇത് ദീര്‍ഘ ദൂര ബസാണെന്നും ഈ ബസില്‍ കുട്ടികളെ കയറ്റാന്‍ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം കൂടുതല്‍ വഷളായി. തുടര്‍ന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റി.

എംപി യോട് ബസിലെ ജീവനക്കാരന്‍ കയര്‍ത്തു സംസാരിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കുകയും പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റി വിട്ടുകയുമാണ് ഉണ്ടായത്. ഒടുവില്‍ ബസ് ജീവനക്കാരന്‍ എംപിയോട് മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിച്ചു.