മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം ;കെ എസ് ആർ ടിസിയിൽ ‘സ്മാര്‍ട്ട് സാറ്റര്‍ഡേ’ പദ്ധതിയ്ക്ക് തുടക്കം

single-img
20 January 2024

ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമുള്ള ‘സ്മാര്‍ട്ട് സാറ്റര്‍ഡേ’ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കെഎസ്ആര്‍ടിസി. ആദ്യ ‘സ്മാര്‍ട്ട് സാറ്റര്‍ഡേ’ ദിനമായ ഇന്ന് എല്ലാ ഓഫീസുകളിലും നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കി തുടങ്ങിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഓഫീസുകളിൽ അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തന രീതിയും സാമ്പത്തിക അച്ചടക്കവും ഉറപ്പുവരുത്തണമെന്ന ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് ‘സ്മാര്‍ട്ട് സാറ്റര്‍ഡേ’ എന്ന ആശയത്തിന് മാനേജിംഗ് ഡയറക്ടര്‍ രൂപം നല്‍കിയത്.

പദ്ധതിയോട് ജീവനക്കാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണവും പ്രവര്‍ത്തനവുമാണ് ഉണ്ടായിട്ടുള്ളതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

എന്താണ് ‘സ്മാര്‍ട്ട് സാറ്റര്‍ഡേ’:

എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഓഫീസും പരിസരവും വൃത്തിയാക്കി അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുക, അനാവശ്യമായി ലൈറ്റ്, ഫാന്‍ തുടങ്ങിയവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് സ്മാര്‍ട്ട് സാറ്റര്‍ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്.

ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍:

ഫയലുകള്‍, രജിസ്റ്ററുകള്‍ എന്നിവ വര്‍ഷാടിസ്ഥാനത്തില്‍ റാക്ക്, അലമാരകളില്‍ കൃത്യമായി അടുക്കി സൂക്ഷിക്കുക. കാലഹരണപ്പെട്ട ഫയലുകള്‍, രജിസ്റ്ററുകള്‍ എന്നിവ ഡിസ്‌പ്പോസല്‍ ചെയ്യുന്നതിനായി ഫയല്‍ നമ്പര്‍ സഹിതം വ്യക്തമായി രേഖപ്പെടുത്തി പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കുക. ഉപയോഗ ശൂന്യമായ ഓഫീസ് ഉപകരണങ്ങള്‍ ഓഫീസില്‍ നിന്നും നീക്കം ചെയ്യുക. ഓഫീസിനുളളിലും, ഓഫീസ് പരിസരത്തും ഉളള

നോട്ടീസുകള്‍, പഴയ അലങ്കാര വസ്തുക്കള്‍ പഴക്കം ചെന്ന ചുവര്‍ ചിത്രങ്ങള്‍ ഇവയൊക്കെ നീക്കം ചെയ്യുക. പേപ്പറുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുക. അനാവശ്യമായി ലൈറ്റ്, ഫാന്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നും ആവശ്യം കഴിഞ്ഞ് ഇവ സ്വിച്ച് ഓഫ് ചെയ്യുന്നു എന്നും ഉറപ്പുവരുത്തുക.

സ്മാര്‍ട്ട് സാറ്റര്‍ഡേയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം, യൂണിറ്റുകളും ഓഫീസുകളും സന്ദര്‍ശിച്ച് പരിശോധിച്ച് വിലയിരുത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.