ലഹരിക്കടത്ത് കേസില്‍ സി പി എം കൗണ്‍സിലര്‍ ഷാനവാസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം

single-img
14 January 2023

ആലപ്പുഴ: കൗണ്‍സിലറുടെ വാഹനത്തിലെ ലഹരിക്കടത്ത് കേസില്‍ സി പി എം കൗണ്‍സിലര്‍ ഷാനവാസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

പൊലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണിന് ലഭിച്ച പരാതികളിലാണ് അന്വേഷണം. സിപിഎം പ്രാദേശിക നേതാക്കളും ഷാനവാസിനെതിരെ പരാതി നല്‍കിയവരിലുണ്ട്. വന്‍ റാക്കറ്റാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് പരാതികളിലെ ആരോപണം. ആലപ്പുഴ കേന്ദ്രീകരിച്ച്‌ കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരണം ഇതിന്റെ ഭാഗമായുണ്ടെന്നും സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട റാക്കറ്റിന് പൊലീസ് സഹായവും ലഭിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. ഷാനവാസിന്റെ ആസ്തികള്‍, സാമ്ബത്തിക ഇടപാടുകള്‍, ലഹരി, ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധം എന്നിവ സ്പെഷല്‍ ബ്രാഞ്ച് പരിശോധിക്കും.

അതേസമയം ഷാനവാസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന കൊല്ലം കരുനാഗപ്പള്ളി ലഹരിക്കടത്തില്‍ പ്രധാന പ്രതികളില്‍ ഒരാളായ ജയന് വേണ്ടി പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. ഷാനവാസിന്റെ ലോറി വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയനെ കണ്ടെത്താനായില്ല. ജയന്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പറയുന്നു. സിപിഎം നേതാവായ ഷാനവാസിന് വാടകക്കരാ‍ര്‍ തയ്യാറാക്കി നല്‍കിയ അഭിഭാഷക, മുദ്രപത്രം നല്‍കിയ ആള്‍ എന്നിവരെ മൊഴി എടുക്കാനായി പൊലീസ് വിളിപ്പിച്ചിരുന്നു. വാഹനം വാടകയ്ക്ക് നല്‍കിയെന്നാണ് രണ്ടാമത്തെ ലോറിയുടെ ഉടമയായ അന്‍സര്‍ നല്‍കിയ മൊഴി. ഇക്കാര്യം ശരിയാണോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നു.

വന്‍ പാന്‍മസാല ശേഖരം പിടികൂടി രണ്ട് ദിവസം കഴിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് സംഘം വിളിച്ചപ്പോള്‍ ജയന്‍ താന്‍ എറണാകുളത്ത് ഉണ്ടെന്ന് മറുപടി നല്‍കിയിരുന്നു. ആദ്യഘട്ടം മുതല്‍ ലോറി ജയന് വാടകയ്ക്ക് നല്‍കിയെന്നാണ് ആലപ്പുഴയിലെ സിപിഎം നേതാവായ ഷാനവാസ് പറഞ്ഞിരുന്നത്. എന്നാല്‍ ജയനിലേക്ക് പൊലീസ് അന്വേഷണം നീണ്ടത് ഏറെ വൈകിയായിരുന്നു. കേസിലെ പ്രധാനികളെ രക്ഷപെടാന്‍ പൊലീസ് സഹായിക്കുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനവും അന്വേഷണ സംഘത്തിന്റെ ഈ മെല്ലെപ്പോക്ക് തന്നെ.