യാതൊരു വിധ ഭീഷണിയും നിലവിലില്ല; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന ജി സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് എസ്‌പി

single-img
7 April 2026

അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ്റെ ആരോപണം തള്ളി ജില്ലാ പൊലീസ് മേധാവി മോഹന ചന്ദ്രൻ. പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ലെന്നും സുധാകരന്റെ പരാതിയിൽ കഴമ്പില്ലെന്നും എസ്.പി വ്യക്തമാക്കി.

പരാതിയിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇതുവരെ ഇന്റലിജൻസ് ബ്യൂറോ (IB)യുടെയോ സ്പെഷ്യൽ ബ്രാഞ്ചിന്റെയോ റിപ്പോർട്ടുകളിൽ ഭീഷണി സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് പരാതി കൈമാറിയതെന്നും എസ്.പി കൂട്ടിച്ചേർത്തു.

അമ്പലപ്പുഴയിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ സജീവമാണെന്നും, തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുവെന്നും, സിപിഐഎം സഹായത്തോടെ എസ്ഡിപിഐ ഇതിനായി ശ്രമിക്കുന്നുവെന്നും ജി. സുധാകരൻ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സിപിഐഎം, എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരെ പേരെടുത്ത് പറഞ്ഞ് ഡിവൈഎസ്‌പിയ്ക്കും ചീഫ് ഇലക്ഷൻ കമ്മീഷണർക്കും സുധാകരൻ പരാതി നൽകിയിരുന്നു.