ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേക രാഷ്ട്രം ഉണ്ടാക്കും: പ്രധാനമന്ത്രി

single-img
27 April 2024

പ്രതിപക്ഷ ഇന്ത്യ സഖ്യം ഇത്തവണ അധികാരത്തിലെത്തിയാല്‍ രാജ്യത്ത് അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് പ്രധാനമന്ത്രിമാര്‍ ഉണ്ടാകുമെന്നും ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേക രാഷ്ട്രം ഉണ്ടാക്കുമെന്നാണ് കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും സഖ്യം പ്രസംഗിച്ചതെന്നും പ്രധാനമന്ത്രി.

മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരിലെ ബിജെപി റാലിയില്‍ പ്രസംഗിക്കവേ ,’ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി നിയമം ഇല്ലാതാക്കും. മൂന്നക്ക ലോക്‌സഭാ സീറ്റ് പോലും നേടാന്‍ കഴിയാത്തവര്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നത് വരെ എത്തിയിരിക്കുന്നു. ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോര്‍മുല.’- അദ്ദേഹം പറഞ്ഞു.

അവര്‍ അധികാരത്തില്‍ വന്നാൽ ഓരോ വര്‍ഷവും ഓരോ പ്രധാനമന്ത്രിമാരായിരിക്കും. ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ് കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അവര്‍ പ്രസംഗിച്ചു നടക്കുന്നത്. ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാനാവുമോ?’ നരേന്ദ്രമോദി ചോദിച്ചു.

ബിജെപിയുടെ വികസന ട്രാക്ക് റെക്കോര്‍ഡുമായി എതിർക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ കോണ്‍ഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രങ്ങള്‍ മാറ്റുകയാണ്. ദേശവിരുദ്ധ അജണ്ടകളും പ്രീണനങ്ങളും മുന്നോട്ട് വെക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കലാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അജണ്ടയെന്നും മോദി വിമർശിച്ചു.