ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാൻ ഉത്തരവിട്ട് സിദ്ധരാമയ്യ

single-img
23 May 2023

ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാൻ ഉത്തരവിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബിജെപി സര്‍ക്കാറിന്റെ മുഴുവൻ പദ്ധതികളും നിര്‍ത്തിവെച്ച്‌ പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് സിഎംഒ അറിയിച്ചു. ചില പദ്ധതികളില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ ഇല്ലാതെ പണം നല്‍കിയിട്ടുണ്ട്. ചില പദ്ധതികളില്‍ ഒന്നും ന‌ടത്താതെ കടലാസില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.മുഖ്യമന്ത്രി അവയെല്ലാം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടിയുണ്ടാകൂവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ബിജെപി അനുവദിച്ച പുതിയ പ്രവൃത്തികളില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിന് ശേഷം അനുമതി നേടിയവയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം കര്‍ണാടക വിധാൻ സഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേക പൂജ നടത്തിയിരുന്നു. ഗോമൂത്രവും ഡെറ്റോളും തളിച്ച്‌ വിധാൻ സഭയുടെ പരസരം ശുദ്ധീകരിക്കുകയും ചെയ്തു. ബിജെപിയുടെ കൊള്ളരുതായ്മകളില്‍ നിന്നും അഴിമതിയില്‍ നിന്നും നിയമസഭയെ ശുദ്ധീകരിക്കാനാണ് ഇതെല്ലാം ചെയ്തതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. 40 ശതമാനം അഴിമതി സര്‍ക്കാരിനെ പുറത്താക്കി പ്രതീകാത്മകമായി ശുദ്ധീകരിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. ഭരണം ശുദ്ധീകരിക്കപ്പെടണമെന്നും അഴിമതി രഹിതമാകണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് സങ്കേത് യനാകി പറഞ്ഞു.