വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു; പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിൽ: രാഹുൽ ഗാന്ധി

single-img
13 May 2023

ഇന്ന് നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ കോൺ​ഗ്രസിന്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി രാഹുൽ ​ഗാന്ധി രംഗത്തെത്തി . ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി. ഇന്ന് എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ ​​പ്രതികരണമറിയിച്ചത്. അതേസമയം, കർണാടകയിലെ ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

പ്രധാന എതിരാളിയായ ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.