ഖർഗെക്കായി പ്രചരണം; രമേശ് ചെന്നിത്തലക്കെതിരെ പരാതി നൽകി ശശി തരൂർ

single-img
14 October 2022

മല്ലികാർജ്ജുൻ ഖർഗെക്കായി രമേശ് ചെന്നിത്തല പരസ്യ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചു ശശി തരൂർ തെരഞ്ഞെടുപ്പ് അതോറിറ്റിക്കു പരാതി നൽകി. രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ പരസ്യമായി തന്നെ ഖർഗെക്കായി പ്രചരണം നടത്തുന്നതിനിടെയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് അതോറിറ്റിയെ സമീപിച്ചത്.

ഗാന്ധി കുടുംബം ആരെയും പിന്തുണക്കുന്നില്ലെന്ന് പറഞ്ഞിട്ടും തുല്യ പരിഗണന കിട്ടുന്നില്ലെന്ന് തരൂര്‍ ആരോപിക്കുന്നു. ഖർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന തരത്തില്‍ ചിലർ സന്ദേശം നല്‍കുന്നുവെന്ന് ദില്ലി പിസിസിയില്‍ നടത്തിയ വാർത്തസമ്മേളനത്തില്‍ ഇന്ന് ശശി തരൂർ പറഞ്ഞു. ഖർഗെക്കായി ഗുജറാത്തിന്‍റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഒപ്പം നടന്ന് പ്രചരണം നടത്തുന്നതിലെ അതൃപ്തിയും തരൂർ ഇന്ന് പരസ്യമാക്കി.

അതേസമയം വോട്ട് അഭ്യർത്ഥിക്കാൻ ദില്ലി പിസിസിയിലെത്തിയ തരൂരിന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ദില്ലി പിസിസി ഓഫീസിലേക്ക് ശശി തരൂര്‍ എത്തിയപ്പോൾ മുൻ എംപി സന്ദീപ് ദീക്ഷിത് ഉള്‍പ്പെടെ പത്തോ പതിന‌ഞ്ചോ പേർ മാത്രമാണ് ഓഫിസിൽ ഉണ്ടായിരുന്നത്. അതിൽ തന്നെ തന്നെ വോട്ടര്‍ പട്ടികയിലുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രവും. എന്നാൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ ദില്ലിയിലെ പിസിസി ഓഫീസിൽ എത്തിയപ്പോൾ കോണ്‍ഗ്രസ് ഭാരവാഹികളെല്ലാം ഒന്നിച്ചാണ് സ്വീകരിച്ചത്.

ഇതേ സാഹചര്യം തന്നെയാണ് മറ്റു പല പി സി സികളിലും ശശി തരൂർ നേരിട്ടത്‌. എന്നാല്‍ തരൂരും താനും സഹോദരങ്ങളാണെന്ന് പറഞ്ഞാണ് ആരോപണങ്ങളോട് ഖർഗെ പ്രതികരിച്ചത്. മുതിര്‍ന്ന നേതാക്കളാണ് തന്നെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കിയതെന്ന് ഇന്നും ഖര്‍ഗെ പറഞ്ഞു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം ഇടപെടുന്നുവെന്ന പ്രചാരണം ബിജെപിയുടെ ഗൂഢാലോചനയാണെന്നും ഖാർഗെ പറഞ്ഞു