കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മലബാര്‍ പര്യടനം തുടര്‍ന്ന് ശശി തരൂര്‍

single-img
21 November 2022

കണ്ണൂര്‍; കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മലബാര്‍ പര്യടനം തുടര്‍ന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

ഇന്ന കണ്ണൂരില്‍ സന്ദര്‍ശനം നടത്തുന്ന തരൂര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ ടിപി രാജീവന്റെ വീട്ടില്‍ രാവിലെ എത്തുന്ന തരൂര്‍, തുടര്‍ന്ന് മാഹി കലാഗ്രാമത്തില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും.

അതിനിടെ ശശി തരൂരിനെ വെച്ച്‌ കണ്ണൂരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി വ്യക്തമാക്കി.
കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തതിന് നടപടി ഭയക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദര്‍ശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച്‌ മുസ്ലിം ലീഗ് നേതാക്കളുമായി തരൂര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച കണ്ണൂരില്‍ നടക്കുന്ന വിവിധ പരിപാടികളിലും തരൂര്‍ പങ്കെടുക്കുന്നുണ്ട്.

കോഴിക്കോട് താന്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് ശശി തരൂര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ലായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കുമെന്ന് എം കെ രാഘവന്‍ എംപിയും വ്യക്തമാക്കി.

കോഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന ‘സംഘപരിവാറും മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളികളും’ എന്ന പരിപാടി കോണ്‍ഗ്രസ് ഉന്നതനേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. ശനിയാഴ്ച വൈകിട്ട് നിര്‍ദേശം വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടിയുടെ സംഘാടകരായി വരികയായിരുന്നു.