കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം കോൺഗ്രസ്- സിപിഎം കൂട്ടുകെട്ട്: കെ സുരേന്ദ്രൻ

single-img
21 May 2023

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എഫ്ഐ ആൾമാറാട്ടത്തിൽ പൊലീസ് കേസെടുക്കാത്തത് നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . എസ്എഫ്ഐ നേതാവിന്റെ ആൾമാറാട്ടത്തിന് കൂട്ടുനിന്നത് കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനയുടെ ജില്ലാ നേതാവായ പ്രിൻസിപ്പാലാണ്. ഇതിൽ നിന്നും സംഭവത്തിലെ കോൺഗ്രസ്- സിപിഎം ബന്ധം വ്യക്തമാണ്.

രണ്ടു\കൂട്ടരും സ്ഥിരമായി ചെയ്തുവരുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കേസെടുക്കേണ്ട സംഭവത്തിൽ ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറാവാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണ്. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയിൽ ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറാവാത്തത് നിയമവിരുദ്ധമാണ്.

വിഷയത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും കാട്ടാക്കട പൊലീസിനും കേരള സർവകലാശാല രജിസ്ട്രാർ പരാതി നൽകിയിട്ടുണ്ട് എന്ന് സുരേന്ദ്രൻ പറഞ്ഞു. കോളേജിൽ നടന്ന യുയുസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് സർവകലാശാലയ്ക്ക് നൽകിയിരിക്കുന്നതെന്നും ഇത് കോളേജിന്റെയും സർവകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.