കേരളത്തിൽ മരുന്ന് ക്ഷാമം രൂക്ഷം; ഗർഭിണികൾക്കുള്ള കാത്സ്യം ഗുളിക വിതരണം രണ്ട് മാസമായി മുടങ്ങി

സംസ്ഥാനത്ത് മരുന്ന് ക്ഷാമം തുടരുന്നതിനിടെ ഗർഭിണികൾക്കും പ്രായമായവർക്കും നൽകിവന്ന കാത്സ്യം ഗുളികകളുടെ വിതരണം പ്രതിസന്ധിയിൽ. കാത്സ്യം ഗുളിക വിതരണം പൂർണമായും നിലച്ചിട്ട് രണ്ട് മാസമായെന്നാണ് റിപ്പോർട്ട്. ആരോഗ്യകേന്ദ്രങ്ങൾ വഴി ഗുളിക ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഗർഭിണികൾക്ക് ഒരു മാസം 60 കാത്സ്യം ഗുളികകൾ വീതം വിതരണം ചെയ്തുവന്നിരുന്നു. വീടുകളിൽ എത്തിച്ചുനൽകിയിരുന്ന വിതരണവും പൂർണമായി നിലച്ചതോടെ ഗർഭിണികൾക്ക് പുറത്തുനിന്ന് 600 രൂപയിലധികം ചെലവഴിച്ച് മരുന്ന് വാങ്ങേണ്ട സാഹചര്യമാണെന്നാണ് റിപ്പോർട്ട്.
ആവശ്യത്തിന് വിതരണം ചെയ്തുവന്നിരുന്ന അയൺ ഗുളികകളുടെ ലഭ്യതയും പ്രതിസന്ധിയിലാണെന്നാണ് വിവരം. ഈ ഡിസംബറിൽ കാലാവധി അവസാനിക്കുന്ന മരുന്നുകൾ മാത്രമാണ് നിലവിൽ ബാക്കിയുള്ളതെന്നും റിപ്പോർട്ടുണ്ട്. പ്രാദേശിക ആരോഗ്യപ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ആശാ പ്രവർത്തകരെയും മരുന്ന് ക്ഷാമം ബുദ്ധിമുട്ടിലാക്കുന്നതായാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യകേന്ദ്രങ്ങളിലെ കാത്സ്യം–അയൺ ഗുളിക വിതരണ പ്രതിസന്ധിയും റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രി സൂപ്രണ്ടുമാർ ആവശ്യമായ മരുന്നുകൾ എത്രയും വേഗം സംഭരിക്കണമെന്നും അല്ലാത്തപക്ഷം പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.


