മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

single-img
25 November 2022

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ക്രിമിനൽ റിവിഷൻ പെറ്റീഷൻ പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിന്റേയാണ് നടപടി.ഒക്ടോബർ 19ാം തീയതിയിലെ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ആണ് സ്റ്റേ ചെയ്തത്.

വിചാരണ കോടതി ശ്രീറാമിന്റെ വിടുതൽ ഹർജി പരിഗണിച്ചപ്പോൾ സംഭവം നടന്ന ദിവസം അദ്ദേഹത്തെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയെ ഗൗരവമായി പരിഗണിച്ചിരുന്നില്ല എന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കൂടാതെ ആശുപത്രി ജീവനക്കാരുടെ മൊഴിയും ശ്രീറാം മദ്യപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു എന്നും, ഈ പശ്ചാത്തലത്തിൽ വകുപ്പ് 304 നിലനിൽക്കും എന്നും ഹൈക്കോടതിയെ അറിയിച്ചു.

മാത്രമല്ല പ്രതിയായ ശ്രീറാം ഒരു ഡോക്ടറായിട്ടു കൂടി തെളിവുകൾ നശിപ്പിക്കുവാനായി പരിശ്രമിച്ചുവെന്നും, അപകടത്തിന് ശേഷം സർക്കാർ ഡോക്ടർ നിർദേശിച്ച ആശുപത്രിയിലേക്കല്ല ശ്രീറാം പോയത് എന്നും സർക്കാർ ഹൈക്കിടത്തിയെ ബോധിപ്പിച്ചു.

ഈ സാഹചര്യത്തിലാണ് കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് മാത്രമല്ല രണ്ടുമാസത്തേക്ക് വിചാരണനടപടികള്‍ നിര്‍ത്തിവയ്ക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.