വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എംപിയുമായ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി സസ്‌പെന്‍ഡ് ചെയ്തു

single-img
25 January 2023

കൊച്ചി: വധശ്രമക്കേസില്‍ എന്‍സിപി നേതാവും ലക്ഷദ്വീപ് മുന്‍ എംപിയുമായ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു.

ഫൈസലിന്റെയും കൂട്ടു പ്രതികളായ മൂന്നു പേരുടെയും ശിക്ഷ നടപ്പാക്കുന്നത് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തടഞ്ഞു.

ഇതോടെ, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് ഫൈസലിനും കൂട്ടു പ്രതികള്‍ക്കും പുറത്തിറങ്ങാനാകും. പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വധശ്രമക്കേസില്‍ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്.

ശിക്ഷാവിധിക്കൊപ്പം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സസ്‌പെന്‍ഡ് ചെയ്യണമെന്നും മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കവരത്തി സെഷന്‍സ് കോടതി മുഹമ്മദ് ഫൈസലിനെയും കൂട്ടാളികള്‍ക്കും 10 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിന്റെ എം പി സ്ഥാനം ലോക്‌സഭ സെക്രട്ടേറിയറ്റ് റദ്ദാക്കിയിരുന്നു. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സാഹചര്യത്തില്‍ അത് നീക്കിക്കിട്ടാന്‍ മുഹമ്മദ് ഫൈസലിന് ലോക്‌സഭ സെക്രട്ടേറിയറ്റിനെ സമീപിക്കാനാകും. മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചതിന് പിന്നാലെ, ലക്ഷദ്വീപിലേക്ക് ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും. വധശ്രമക്കേസില്‍ കേരള ഹൈക്കോടതിയുടെ വിധി വന്ന ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.