മുതിർന്ന സിപിഐ നേതാവ് കെ കെ ശിവരാമൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു; കാരണം അറിയാം

സിപിഐ ഇടുക്കി ജില്ലാ നേതൃത്വവുമായി യോജിച്ച് പോകാൻ കഴിയില്ലെന്നും സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചുവെന്നും മുതിർന്ന നേതാവ് കെ കെ ശിവരാമൻ. സിപിഐ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോട് നൂറ് ശതമാനം സത്യസന്ധത പുലർത്തിയാണ് ഇക്കാലയളവിൽ പ്രവർത്തിച്ചതെന്ന് തീരുമാനം അറിയിച്ചു കൊണ്ട് കെ കെ ശിവരാമൻ വ്യക്തമാക്കി.
ഇടുക്കി ജില്ലയിൽ മണ്ണ്, മണൽ, ഭൂമാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്നും പല സിപിഐ നേതാക്കളും അതിനോട് ഒട്ടിച്ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇനി സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷിപ്ത താൽപ്പര്യങ്ങളാണ് ഇടുക്കിയിലെ പാർട്ടിയെ നയിക്കുന്നതെന്നും ഇടുക്കിയിലെ സിപിഐയിൽ കുറെ കാലമായി വിമർശനവും സ്വയം വിമർശനവും ഇല്ലായെന്നും കെ കെ ശിവരാമൻ കുറ്റപ്പെടുത്തി.
ഇടുക്കി ജില്ലയിൽ സിപിഐ തകർന്നെന്നും കെ കെ ശിവരാമൻ തുറന്നടിച്ചു.ഇടുക്കിയിലെ സിപിഐയുടെ വർത്തമാനകാല രാഷ്ട്രീയത്തിൽ തനിക്ക് ഒരു ഇടമില്ലെന്ന് മനസ്സാലായി. അതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരു സുപ്രഭാതത്തിൽ കൈകൊണ്ട പ്രകോപനപരമായ തീരുമാനമല്ലെന്നും കെ കെ ശിവരാമൻ വ്യക്തമാക്കി.


