ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ സതീശനെയും വേട്ടയാടുന്നു;അന്തം വിട്ട പിണറായി എന്തും ചെയ്യും: കെ സുധാകരൻ

single-img
10 June 2023

പുനർജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിദേശത്തുനിന്നുള്ള അനധികൃത പണപ്പിരിവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വിജിലൻസ് കേസിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി . ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ സതീശനെയും വേട്ടയാടുന്നു. അന്തം വിട്ട പിണറായി എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കുടില തന്ത്രങ്ങൾ കേരള സമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഇത്തരം നെറികേടുകളിൽ നിന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വി.ഡി.സതീശനെതിരെയുള്ള അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാന സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും,സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെന്നും കേന്ദ്രത്തിൽ നരേന്ദ്ര മോദി ചെയ്യുന്നതും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.