സഞ്ജു സാംസൺ നടത്തുന്ന തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഗൗതം ഗംഭീറിന്‍റെ ശക്തമായ പിന്തുണ: ഷോയിബ് അക്തർ

single-img
7 March 2026

ടി20 ലോകകപ്പിൽ സഞ്ജു സാംസൺ നടത്തുന്ന തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ ശക്തമായ പിന്തുണയുണ്ടെന്ന് പാക് ഇതിഹാസം ഷോയിബ് അക്തർ. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനായി ഗംഭീർ സെലക്ഷൻ കമ്മിറ്റിയോട് കടുത്ത പോരാട്ടം തന്നെ നടത്തിയെന്ന് അക്തർ വെളിപ്പെടുത്തി.

കരിയറിന്‍റെ തുടക്കകാലം മുതൽ പ്രതിഭയുണ്ടായിട്ടും ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജുവിന് ഗംഭീർ നൽകിയ ആത്മവിശ്വാസമാണ് ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ ബെഞ്ചിലിരുന്ന സഞ്ജുവിനെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിക്ക് ശേഷമാണ് പ്ലേയിംഗ് ഇലവനിലേക്ക് തിരികെ വിളിച്ചത്.

സഞ്ജു ഒരു ലോകോത്തര താരമാണെന്നും അദ്ദേഹത്തിന്‍റെ ഫോം ടീമിന് ഗുണകരമാകുമെന്നും ഗംഭീർ അന്നേ വ്യക്തമാക്കിയിരുന്നു. പരിശീലകന്‍റെ ആ വിശ്വാസം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് മൈതാനത്ത് കണ്ടത്. രോഹിത് ശർമ്മ, ഗൗതം ഗംഭീർ, കെ.എൽ രാഹുൽ എന്നിവർക്കൊപ്പം നാല് ഇന്നിങ്‌സുകളിൽ നിന്ന് 200 പ്ലസ് റൺസ് നേടുന്ന ഇന്ത്യൻ ഓപ്പണർമാരുടെ എലൈറ്റ് പട്ടികയിലേക്ക് സഞ്ജുവും ഇതോടെ എത്തി.

ഈ ലോകകപ്പിൽ വെറും നാല് മത്സരങ്ങളിൽ നിന്ന് 77.33 ശരാശരിയിൽ 232 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതിൽ രണ്ട് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 201.73 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന സഞ്ജു, ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 42 പന്തിൽ 89 റൺസ് നേടി ഇന്ത്യയുടെ വിജയശില്പിയായി. കൂടാതെ, ഒരൊറ്റ ടൂർണമെന്‍റില്‍ 16 സിക്‌സറുകൾ പറത്തി രോഹിത് ശർമ്മയുടെ പഴയ റെക്കോർഡും സഞ്ജു മറികടന്നു.

നിലവിൽ ഐസിസിയുടെ പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ സഞ്ജു ഇടംപിടിച്ചിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ ഫൈനലിലും തകർപ്പൻ പ്രകടനം പുറത്തെടുക്കാനായാൽ ടൂർണമെന്‍റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഈ മലയാളി താരത്തെ തേടിയെത്തും.