സവർക്കറെ സ്വാതന്ത്ര്യ സമര സേനാനിയാക്കുകയാണ് സംഘപരിവാർ: മുഖ്യമന്ത്രി

single-img
17 May 2023

എന്തിനും ഇല്ല, ഇല്ല, ഇല്ല എന്ന് മാത്രം പറയുന്ന സർക്കാരായിരുന്നു യുഡിഎഫിന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആശുപത്രിയിൽ ഡോക്ടർ ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നായിരു മറുപടിയെന്നും വികസന മരവിപ്പും, അഴിമതിയും ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഒടുവിൽ ആളുകൾ തലയിൽ കൈ വച്ച് ഈ ശാപത്തിൽ നിന്ന് മോചനം നൽകണമേയെന്ന് പ്രാർത്ഥിച്ചു. എൽ ഡി എഫിന് പുറത്തുള്ളവരും തെരഞ്ഞെടുപ്പിൽ സഹായിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് സംഘടിപ്പിച്ച പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ 600 പ്രഖ്യാപനങ്ങളാണുണ്ടായിരുന്നത്. 2021 ൽ 580 വാഗ്ദാനങ്ങളും നടപ്പാക്കി. ദേശീയ പാതാ വികസനം മുന്നോട്ടു കൊണ്ടു പോയി. ഓഫീസ് പൂട്ടി പോയ ദേശീയപാതാ അതോറിറ്റിയെ തിരിച്ചു കൊണ്ടു വന്നു. 5500 കോടി രൂപ സംസ്ഥാനം സ്ഥലം ഏറ്റെടുപ്പിന് പിഴയായി കൊടുത്തു. യു ഡി എഫ് സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥതയ്ക്ക് കൊടുത്ത പിഴയാണത്.

ഇപ്പോൾ ദേശീയ പാതയിലൂടെ വരുന്നവരുടെ മനസ് കുളിരുകയാണ്. പ്രളയക്കെടുതി നേരിട്ട് ലോകത്തിന് മാതൃകയായി. ലോകമാകെ ആശ്ചര്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ സമയം കേന്ദ്ര സർക്കാർ വിദേശ സഹായം തടഞ്ഞുവെക്കുകയായിരുന്നു. ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടു. 80,000 കോടി രൂപയുടെ വികസനമാണ് ഏഴ് വർഷമായി കേരളത്തിൽ നടത്തിയത്.

അതേപോലെ തന്നെ സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ആർ എസ് എസ്. ആൻഡമാൻ ജയിലിൽ നിന്ന് മാപ്പെഴുതി പുറത്തിറങ്ങിയ ആളാണ് സവർക്കർ. സവർക്കറെ സ്വാതന്ത്ര്യ സമര സേനാനിയാക്കുകയാണ് സംഘപരിവാർ. ബ്രീട്ടീഷുകാരോട് സമരം ചെയ്ത് സമയം കളയേണ്ടെന്ന് പറഞ്ഞയാളാണ് ഗോൾ വാർക്കർ. ഗാന്ധിയേയും നെഹ്റുവിനേയും അബുൾ കലാം ആസാദിനേയും മുകൾ ഭരണത്തേയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. കേരളത്തിൽ അത് നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.