സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

single-img
18 November 2022

തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസ് ക്രൈംബ്രാഞ്ചില്‍ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.എസ് പി, പി.പി.സദാനന്ദന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. കേസന്വേഷണം നടത്തിയിരുന്ന എസ് പി സദാനന്ദന്‍ ഇന്നലെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റില്‍ നിന്നും കണ്ണൂരിലേക്ക് മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം വഴിമുട്ടാതിരിക്കാന്‍ സദാനന്ദനെ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സര്‍ക്കാര്‍ ഏറെ പഴി കേട്ട കേസ് അന്വേഷണത്തില്‍ തുമ്ബ് ഉണ്ടായത് എസ് പി, പി.പി. സദാനന്ദന്‍ അന്വേഷണം തുടങ്ങിയ ശേഷമാണ്. തുടര്‍ അന്വേഷണം മുടങ്ങാതിരിക്കാനാണ് സദാനന്ദന് തന്നെ ചുമതല നല്‍കി പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച്‌ ഡിജിപി ഉത്തരവിറക്കിയത്.

ആശ്രമം കത്തിച്ചുവെന്ന് സംശയിക്കുന്ന പ്രകാശിന്റെ ആത്മഹത്യയും പ്രത്യക സംഘം അന്വേഷിക്കും.കന്റോണ്‍മെന്റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ദിനരാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ആര്‍.ബിജു , സിഐ സുരേഷ്കുമാര്‍ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ട്.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം നടന്ന് നാലര വര്‍ഷം പിന്നിടുമ്ബോള്‍ ആണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത് . ആശ്രമം കത്തിച്ച സംഭവത്തില്‍ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് തുമ്ബുണ്ടാക്കിയത്. തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍ന്നാണ് എന്നാണ് വെളിപ്പെടുത്തല്‍. നാലുവര്‍ഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും തുമ്ബൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേസ് എല്ലാവരും മറന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ പൊലീസിന് നേട്ടമാകുന്നത്.

2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെ കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും ആക്രമികള്‍ വെച്ചിരുന്നു