സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതം: യോഗി ആദിത്യനാഥ്‌

single-img
28 January 2023

സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്നും നേരത്തെ എപ്പോഴെങ്കിലും ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോധ്യയിലെ രാമക്ഷേത്ര മാതൃകയിൽ അവ പുനഃസ്ഥാപിക്കാൻ പ്രചാരണം നടത്തണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ഭിൻമാലിൽ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ക്ഷേത്രപരിസരത്ത് യോ​ഗി ആദിത്യനാഥും കേന്ദ്ര ജലവൈദ്യുതി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ചേർന്ന് രുദ്രാക്ഷം നട്ടു.

യോഗിയുടെ വാക്കുകൾ: “സനാതന ധർമ്മം ഇന്ത്യയുടെ രാഷ്ട്രീയ ധർമ്മം ആണ്. നമ്മൾ സ്വാർത്ഥത ഉപേക്ഷിച്ച് ഉയർച്ചയിലേക്ക് വളരുമ്പോൾ ‘രാഷ്ട്രീയ ധർമ്മ’വുമായി ബന്ധത്തിലാവുന്നു. ദേശീയ മതവുമായി യോജിക്കുന്നതോടെ നമ്മുടെ രാജ്യം സുരക്ഷിതമാണ്”

‘ഏതെങ്കിലും കാലഘട്ടത്തിൽ നമ്മുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയിൽ അവ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രചാരണം ആരംഭിക്കണം. ദേശീയ വികാരത്തെ പ്രതിനിധീകരിച്ച് ശ്രീരാമന്റെ ഈ മഹത്തായ ദേശീയ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ നിങ്ങളെല്ലാവരും പങ്കാളികളായിട്ടുണ്ട്”