സർക്കാരിന്റെ ജൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ പ്രചാരണം ശക്തമാക്കാൻ സമസ്ത

single-img
1 September 2022

തുല്യതയുടെ പേരിൽ മതനിരാസം ഒളിച്ചു കടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമസ്ത ജനറൽ സെക്രട്ടറി നാസർ ഫൈസൽ കൂടത്തായി. സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ പ്രചാരണം ശക്തമാക്കുമെന്നും, ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബയോഗം നടത്തുമെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ എന്ന ഉസ്താദുമാരുടെ സംഘടനയാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ നടത്തുക. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ മഹല്ലുകളിലും കുടുംബ സംഗമം നടത്തും എന്നും സമസ്ത ജനറൽ സെക്രട്ടറി നാസർ ഫൈസൽ കൂടത്തായി പറഞ്ഞു.

മതവിശ്വാസങ്ങളുടെ ധാർമിക ചുറ്റുപാടും അതിർവരമ്പുകളും പൊളിക്കുന്ന നിലപാടിലേക്കാണ് ചിലർ എത്തുന്നത്. ഇത് വലിയൊരു അപകടത്തിലേക്ക് നയിക്കും. ഇത്തരം നീക്കങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ ചെലവിൽ വേണ്ടെന്നും നാസർ ഫൈസൽ പറഞ്ഞു.