വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന; കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ

single-img
18 September 2026

വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന നടത്തിയെന്ന കേസിൽ കോളേജ് അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ. മമ്പാട് എം.ഇ.എസ്. കോളേജിലെ താത്കാലിക അധ്യാപകനും മോങ്ങം അരിമ്പ്ര സ്വദേശിയുമായ സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സുബ്രഹ്മണ്യനിൽനിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടികൂടിയതോടെയാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൈൽ, വിവേക്, റീന എന്നിവർക്ക് സ്ഥിരമായി എംഡിഎംഎ എത്തിച്ചുനൽകിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്.

കഴിഞ്ഞ മൂന്നുവർഷമായി മമ്പാട് എം.ഇ.എസ്. കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു സുഹൈൽ. കൊണ്ടോട്ടി, മഞ്ചേരി മേഖലകളിലെ മൊത്തവിതരണക്കാരിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങി വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വിൽപന നടത്തിയിരുന്നതായി പൊലീസ് പറയുന്നു. താൻ സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായും ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

റീനയുടെ വീടിന് സമീപം ഇടിച്ചനിലയിൽ കണ്ടെത്തിയ കാറിൽനിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി. കെ. റഫീക്കിന്റെ നേതൃത്വത്തിലും സർക്കിൾ ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെ മേൽനോട്ടത്തിലുമായിരുന്നു പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്.