30 കോടി അനുവദിച്ച് ധനവകുപ്പ്; കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യും

single-img
26 July 2023

സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. കേരളാ ഹൈക്കോടതിയിൽ അദ്ദേഹം ഈ കാര്യം വ്യക്തമാക്കുകയായിരുന്നു. ശമ്പള വിതരണത്തിനായി ധനവകുപ്പിൽ നിന്ന് 30 കോടി തുക ലഭിച്ചിട്ടുണ്ടെന്നും പണം കൈപ്പറ്റിയാൽ ഉടനെ ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ശമ്പള വിതരണത്തിനും കുടിശികക്കുമായി കെഎസ്ആർടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിൽ ഉണ്ടെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാരിൽ നിന്നും കിട്ടാനുള്ള പണം സംസ്ഥാന സർക്കാരിന് ലഭിക്കുന്നില്ല. അതിനാൽ സംസ്ഥാന സർക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഈ സാഹചര്യത്തിലും കെഎസ്ആർടിസിയെ കൃത്യമായി സഹായിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. തുടർന്ന് കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അടുത്ത മാസം 15നുള്ളിൽ അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.