ശബരിമല സ്ത്രീപ്രവേശനം വേണമോ? റിവ്യൂ ഹര്‍ജികളുടെ പരിശോധന അടുത്തയാഴ്‌ച തുടങ്ങും

single-img
7 April 2023

ഒരു ഇടവേളയ്ക്കു ശേഷം ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടും സജീവമാകുന്നു. ശബരിമല യുവതീപ്രവേശന കേസിലെ വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടു സമർപ്പിച്ച റിവ്യൂ ഹര്‍ജികളുടെ പരിശോധന അടുത്തയാഴ്‌ച തുടങ്ങും എന്നാണു ഡൽഹിയിൽ നിന്നും ലഭിക്കുന്ന സൂചന.

ഹര്‍ജി നടപടിക്രമം പാലിച്ചാണോ എന്നു പരിശോധിച്ചു ഫയലില്‍ സ്വീകരിക്കണമോ വേണ്ടയോ എന്നായിരുന്നും ആദ്യം പരിശോധിക്കുക. നൂറോളം റിവ്യൂഹര്‍ജികളാണു ഫയല്‍ ചെയ്‌തിരിക്കുന്നത്‌. സുപ്രീം കോടതി രജിസ്‌ട്രിയാണു ഇക്കാര്യം പരിശോധിക്കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താകും കേസുകളിൽ വാദം നടക്കുക എന്നാണു നിലവിൽ ലഭിക്കുന്ന സൂചന. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാവും ഇനി ശബരിമല കേസിന്റെ ഗതിയെന്നു ഇതോടെ വ്യക്‌തമായി.

ഇടതു വലതു മുന്നണികള്‍ക്കു പുറമേ ബി.ജെ.പിക്കും ശബരിമല കേസ്‌ നിര്‍ണായകമാണ്‌. വിധി എതിരായാല്‍, കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുമെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. അതേസമയം, വിധി നടപ്പാക്കാന്‍ നിബന്ധിതമാകുന്നതു സംസ്‌ഥാന സര്‍ക്കാരിനും കീറാമുട്ടിയാണ്‌.

ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്‌ മുന്നില്‍ മതവിശ്വാസ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റു ചില കേസുകളുമുണ്ട്‌. മുസ്ലിം സ്‌ത്രീകളുടെ പള്ളികളിലെ പ്രവേശനം, പാഴ്‌സി സ്‌ത്രീകളോടുള്ള വിവേചനം എന്നിങ്ങനെ വിശാല വിഷയങ്ങളുണ്ടാകുമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ വ്യക്‌തമാക്കിയിരുന്നു.