യൂറോപ്പിൽ രഹസ്യ ഡ്രോൺ ആക്രമണത്തിന് റഷ്യ നീക്കം; രഹസ്യാന്വേഷണ മുന്നറിയിപ്പ്

single-img
25 September 2026

യൂറോപ്പിലെ സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിൽ കടലിൽനിന്ന് രഹസ്യ ഡ്രോൺ ആക്രമണം നടത്താൻ റഷ്യ പദ്ധതിയിടുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടെന്ന് സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ റിപ്പോർട്ട് ചെയ്തു. കപ്പലുകളിലെ കണ്ടെയ്നറുകളിൽ ഡ്രോണുകൾ ഒളിപ്പിച്ച് തീരത്തുനിന്ന് 200–300 കിലോമീറ്റർ അകലെനിന്ന് ഇവ വിക്ഷേപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റഷ്യ ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്ന ‘ഗെർബെറ’ ഡ്രോണുകൾക്ക് 600 കിലോമീറ്റർ വരെ സഞ്ചരിക്കാനും ചെറിയ സ്ഫോടക വസ്തുക്കൾ വഹിക്കാനും കഴിയുമെന്നാണ് വിവരം. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ നിർണായക കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടാക്കുകയോ പ്രവർത്തനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നതായിരിക്കും ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

അമേരിക്കൻ രഹസ്യാന്വേഷണ വിവരങ്ങൾ നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് കൈമാറിയതായും റിപ്പോർട്ടിലുണ്ട്. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സുരക്ഷാ നടപടികൾ ശക്തമാക്കിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ സ്പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ ഇത്തരമൊരു ആക്രമണം നടക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. പുറത്തുവന്നിരിക്കുന്നത് രഹസ്യാന്വേഷണ മുന്നറിയിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാത്രമാണ്.