കേരളത്തിലെ റൂൾ ഓഫ് ലോ തകർന്നിരിക്കുന്നു; മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്ന് കെ സുരേന്ദ്രൻ

single-img
14 August 2023

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഇടത്- വലത് മുന്നണി നേതാക്കൾ പണം വാങ്ങിയതിനാലാണ് ഇരുപക്ഷവും പുതുപ്പള്ളിയിൽ വിവാദം ചർച്ചയാക്കാത്തത്. മിത്ത് വിവാദം പുതുപ്പള്ളിയിൽ പ്രചാരണ വിഷയമാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങിനെ:

മുഖ്യമന്ത്രിയും മകളും കരിമണൽ വ്യവസായിയിൽ നിന്നും പണം വാങ്ങിയ വിഷയത്തിൽ ചോദ്യങ്ങൾ നേരിടാൻ പോലും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സാധിക്കുന്നില്ല. കേരളത്തിലെ ഒരു അന്വേഷണ ഏജൻസി പോലും അവരെ വിളിച്ചു ചോദ്യം ചെയ്തില്ല. കേരളത്തിലെ റൂൾ ഓഫ് ലോ തകർന്നിരിക്കുന്നു.പല വ്യവസായികളിൽ നിന്നും സമ്മർദ്ദം ഉപയോഗിച്ചു പണം വാങ്ങുന്നത് നേരത്തെ കെട്ടിട്ടുള്ളതാണ്.

വ്യവസായത്തിൽ ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാൻ വേണ്ടി പണം നൽകിയെന്ന് വ്യവസായി തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇത് കൈക്കൂലിയാണ്. പുതുപ്പള്ളിയിൽ ഇത് കോൺ​ഗ്രസ് ചർച്ചയാക്കില്ല. കോൺ​ഗ്രസിന്റെ നേതാക്കൾ പണം വാങ്ങിയെന്നു കമ്പനി തന്നെ വ്യക്തമാക്കിയതാണ്.

മാസപ്പടിക്കാരുടെ സമ്മേളനമാണ് പുതുപ്പള്ളിയിൽ നടക്കുന്നത്.ഭരണപക്ഷവും പ്രതിപക്ഷവും കൈക്കൂലി വാങ്ങുന്ന അവസ്ഥയാണ്. ബ്രഹ്മപുരം മാലിന്യപ്രശ്നത്തിലും സമാന അവസ്ഥയായിരുന്നു. പുതുപ്പള്ളിയിൽ ഈ അഴിമതികൾ ബിജെപി പ്രചാരണമാക്കും. മാസപ്പടി വാങ്ങിയത് പൊതുപ്രവർത്തന അഴിമതി നിരോധന നിയമത്തിൽ വരുന്നതാണ്. എന്തിനാണ് ഇവിടെ ഒരു വിജിലൻസ്?

ഇത്ര ദിവസമായിട്ടും അന്വേഷണം നടത്താത്തത് എന്തുകൊണ്ട്? ബിജെപി കേന്ദ്ര ഏജൻസികളെ സമീപിക്കാൻ തയ്യാറാവുകയാണ്. പുതുപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും വികസനം ചർച്ച ചെയ്യുമെന്നു പറയുന്നു.

5 പതിറ്റാണ്ട് ഉമ്മൻചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തിൽ ഒരു വികസനവുമില്ല. ഓണചന്ത തുടങ്ങിയാൽ സപ്ലൈക്കോ പ്രതിസന്ധി തീരുമെന്നാണ് ഭക്ഷ്യ മന്ത്രി പറയുന്നത്. ഓണത്തിന് സാധാരണക്കാർ ബുദ്ധിമുട്ടുന്നു. ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും ഓണ ആഘോഷങ്ങൾക്ക് കുറവില്ല. എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? രാജി വച്ചു പോകണം. 20000 കോടി രൂപ കേന്ദ്രത്തിൽ നിന്നും കിട്ടാൻ ഉണ്ടെന്ന് നേരത്തെ പച്ച കള്ളം പ്രചരിപ്പിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യണം.സഹതാപ തരംഗമല്ല സഹകരണ കൊള്ളയാണ് പുതുപ്പള്ളിയിൽ ചർച്ചയാകുക.

ഗണപതി നിന്ദ ചർച്ചയാക്കില്ല എന്നാണ് രണ്ടു മുന്നണികളും പറയുന്നത്. സ്പീക്കറെ കൊണ്ട് മാപ്പ് പറയിക്കുമെന്നു പറഞ്ഞ യു.ഡി. എഫ് പിന്നിലോട്ട് പോയി. പുതുപ്പള്ളിയിൽ പ്രചാരണം ബിജെപിക്ക് ഏകോപിക്കാൻ 2 സമിതി. ഒന്നു പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തിൽ. മണ്ഡലത്തിലെ കാര്യങ്ങൾ ഏകോപ്പിക്കുക ജോർജ് കുര്യന്റെ നേതൃത്വത്തിൽ ഉള്ള സംഘം. എല്ലാ മുതിർന്ന നേതാക്കൾക്കും ഓരോ ബൂത്തിന്റെ ചുമതല നൽകും.