മതപരിവർത്തനത്തിന് പണം നൽകുന്നു; ആമസോണിനെതിരെ ആർഎസ്എസ് മുഖപത്രം

single-img
15 November 2022

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പരിവർത്തന സംഘങ്ങൾക്ക് യുഎസ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ധനസഹായം നൽകുന്നുവെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ആരോപിച്ചു. ഓർഗനൈസറിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ആമസോണിനെതിരെ രൂക്ഷ വിമർശനം ഉള്ളത്.

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച് (എബിഎം) നടത്തുന്ന ക്രിസ്ത്യൻ മതപരിവർത്തന സംഘങ്ങൾക്ക് ധനസഹായം നൽകുന്നു. ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുക വഴി ബഹുരാഷ്ട്ര കമ്പനികളും എബിഎമ്മും കള്ളപ്പണം വെളുപ്പിക്കൽ ആണ് നടത്തുന്നത്- ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ആരോപിക്കുന്നു.

കൂടാതെ എബിഎമ്മിന്റെ മുൻനിര സംഘടനയായ ഓൾ ഇന്ത്യ മിഷന് (എഐഎം) ആമസോൺ അതിന്റെ ഫൗണ്ടേഷനിലൂടെ തുടർച്ചയായി ധനസഹായം നൽകുന്നുണ്ടെന്ന് അരുണാചൽ പ്രദേശിലെ സോഷ്യൽ ജസ്റ്റിസ് ഫോറം ആരോപിച്ചതായി ഓർഗനൈസർ ‘അമേസിങ് ക്രോസ് കണക്ഷൻ’ എന്ന തലക്കെട്ടിൽ കവർ സ്റ്റോറിയിൽ ആരോപിക്കുന്നു. മാത്രമല്ല ഒരു ഇന്ത്യക്കാരന്റെ ഓരോ പാർച്ചയ്‌സും വഴി പണം സംഭാവന ചെയ്തുകൊണ്ട് ആമസോണിന്റെ മത പരിവർത്തന സംഘത്തെ സ്പോൺസർ ചെയ്യുകയാണ് എന്നും, ആമസോൺ ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 ആണ് എന്നും മാസിക ആരോപിക്കുന്നു.