വയനാട് ജില്ലാ കളക്ടറായി രേണു രാജ് ചുമതലയേറ്റു

single-img
16 March 2023

വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ചുമതലയേറ്റ് ഡോ. രേണു രാജ് ഐഎഎസ്. ഇന്ന് രാവിലെ 10 ന് കളക്ടറേറ്റിലെത്തിയ ഡോ. രേണു രാജിനെ എ.ഡി.എം എന്‍.ഐ ഷാജുവും ജീവനക്കാരും ചേര്‍ന്നു സ്വീകരിച്ചു. എറണാകുളം ജില്ലയുടെ കളക്ടറായിരിക്കെയാണ് രേണു രാജിന് വയനാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് രേണു രാജ്.

വയനാട് ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം രേണു രാജ് വ്യക്തമാക്കി. ജില്ലയിലെ അടിസ്ഥാനമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണവും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ചുമതല ഏറ്റെടുത്ത ശേഷം ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവരുമായി കളക്ടര്‍ ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും കളക്ടര്‍ രേണു രാജ് സന്ദര്‍ശനം നടത്തി.