വഴിയോരങ്ങളിലുള്ള എല്ലാ നോണ്‍ വെജ് കടകളും വൈകുന്നേരത്തോടെ റോഡുകളില്‍ നിന്ന് നീക്കം ചെയ്യുക; രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി എംഎൽഎ

single-img
4 December 2023

രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം സ്വന്തമാക്കിയ പിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ മഹന്ത് ബല്‍മുകുന്ദ് ആചാര്യ രംഗത്തെത്തി . വഴിയോരങ്ങളിലുള്ള എല്ലാ നോണ്‍ വെജ് കടകളും വൈകുന്നേരത്തോടെ റോഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്. തെരുവില്‍ നോണ്‍ വെജ് ഭക്ഷണം വില്‍ക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിച്ച് ബല്‍മുകുന്ദ് മുന്നറിയിപ്പ് നൽകുകയും ചെയ്തു .

വൈകുന്നേരത്തോടെ എല്ലാ തെരുവുകളും വൃത്തിയാക്കണം. നോണ്‍ വെജ് ഭക്ഷണം വില്‍ക്കുന്ന എല്ലാ വണ്ടികളും നീക്കം ചെയ്യണം. ഉദ്യോഗസ്ഥനെ പരസ്യമായി വിളിച്ചുവരുത്തിയ എംഎല്‍എ റോഡില്‍ നോണ്‍ വെജ് പരസ്യമായി വില്‍ക്കാമോ എന്ന് ചോദിക്കുകയായിരുന്നു. അതെ അല്ലെങ്കില്‍ ഇല്ല എന്ന് മറുപടി നല്‍കാനും എംഎല്‍എ ആവശ്യപ്പെട്ടു.

മാത്രമല്ല, നോണ്‍ വെജ് ഭക്ഷണശാല ഒഴിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് വൈകുന്നേരത്തിനകം തനിക്ക് നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജയ്പൂരിലെ ഹവാമഹല്‍ നിയമസഭാ സീറ്റില്‍ നിന്ന് 600 വോട്ടുകള്‍ക്കാണ് ബല്‍മുകുന്ദ് ആചാര്യ വിജയിച്ചത്. കോണ്‍ഗ്രസിലെ ആര്‍ ആര്‍ തിവാരിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.